ഖാർത്തും: സുഡാനിലെ ഡാർഫറിൽ ആർ.എസ്.എഫ് യുദ്ധകുറ്റകൃത്യങ്ങൾ നടത്തുന്നെന്ന് ആംനസ്റ്റി റിപ്പോർട്ട്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള വെടിനിർത്തൽ കരാറിൽ മൂന്ന് മാസത്തെ വെടിനിർത്തലിന് ആർ.എസ്.എഫ് സമ്മതിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ റിപ്പോർട്ട് പുറത്തുവരുന്നത്.
എൽ ഫാഷറിലെ നിരായുധരായവരെ വധിച്ചെന്നും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നും അതിക്രമങ്ങൾ അതിജീവിച്ച 28 പേരിൽ നിന്നും മൊഴികൾ രേഖപ്പെടുത്തിയെന്നും ആംനസ്റ്റി റിപ്പോർട്ട് ചെയ്തു.
നഗരത്തിലെ തെരുവുകളിലും എൽ ഫാഷറിലെ പ്രധാന റോഡുകളിലും നൂറുകണക്കിന് മൃതദേഹങ്ങളാണുള്ളതെന്നും ആംനസ്റ്റി റിപ്പോർട്ടിലുണ്ട്.
അന്താരാഷ്ട്ര നിയമപ്രകാരം രാജ്യത്തെ പൗരന്മാർക്കെതിരെയുള്ള തുടർച്ചയായ അക്രമം യുദ്ധകുറ്റങ്ങളുടെ ഭാഗമാണെന്നും ആംനസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ് പറഞ്ഞു. കുറ്റവാളികൾക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ തങ്ങളുടെ ഗ്രൂപ്പിലെ ചിലർ നഗരത്തിൽ നിയമലംഘനങ്ങൾ നടത്തുന്നുണ്ടെന്നും അത് അന്വേഷിക്കുമെന്നും ആർ.എസ്.എഫ് പറഞ്ഞതായി എ.പി ന്യൂസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം യു.എസ് നേതൃത്വത്തിലുള്ള വെടിനിർത്തൽ പദ്ധതി ഇതുവരെ അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും മോശമായതെന്നായിരുന്നു സുഡാൻ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ ആരോപിച്ചിരുന്നത്. യു.എ.ഇ ഉൾപ്പടെയുള്ള മധ്യസ്ഥർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആർ.എസ്.എഫ് പ്രദേശങ്ങളിൽ നിന്നും പൂർണമായി പിന്മാറിയാൽ മാത്രമേ സൈന്യം വെടിനിർത്തലിന് സമ്മതിക്കുകയുള്ളുവെന്നും ബുർഹാൻ പറഞ്ഞു. ഞായറാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശം വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ഈ പദ്ധതി സായുധ സേനകളെ ഇല്ലാതാക്കുന്നു. സുരക്ഷാ എജൻസികളെ പിരിച്ചുവിടുന്നു. മിലിഷ്യയെ അവർ ഉള്ളിടത്തു തന്നെ തുടരാൻ അനുവദിക്കുന്നു. ഇത് വളരെ മോശമാണ് ഞങ്ങൾ ഇതിനെ അംഗീകരിക്കുന്നില്ല,’ ബുർഹാൻ പറഞ്ഞു.
Content Highlight: RSF committing war crimes in Darfur, Sudan: Amnesty