| Friday, 15th May 2026, 12:33 pm

എപ്സ്റ്റീനെ അഹമ്മദ് ബിന്‍ സുലൈമിന് പരിചയപ്പെടുത്തിയത്‌ യു.എ.ഇ- ഇസ്രഈല്‍ ബന്ധത്തിലെ കണ്ണി; സാമുവല്‍ ഷേയുടെ ഹാക്ക് ചെയ്ത രേഖകളുമായി ഹാക്കിങ് ഗ്രൂപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശനത്തിന് പിറകിലെ ബുദ്ധികേന്ദ്രമായമായ സാമുവല്‍ ഷേയുടെ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്തതായി ഹാക്കിങ് ഗ്രൂപ്പ് ആയ ഹന്‍ഡാല. ഷേയുടെ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് കിട്ടിയ രഹസ്യ വിവരങ്ങളടങ്ങിയ രേഖകള്‍ ലഭിച്ചതായി ഹാക്കിങ് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

മരിച്ചുപോയ ലൈംഗികക്കടത്ത് കുറ്റവാളിയും സാമ്പത്തിക ഇടപാടുകാരനുമായ ജെഫ്രി എപ്സ്റ്റീനെ എമിറാത്തി വ്യവസായി സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈമിന് ഷേ പരിചയപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് രേഖകളിലെ ഉള്ളടക്കങ്ങളില്‍ ഒന്നെന്ന് പ്രസ്താവനയില്‍ പറയുന്നു. ജെഫ്രി എപ്സ്റ്റീന്റെ ശൃംഖലകളുമായി ബന്ധപ്പെട്ട് എമിറാത്തി വ്യക്തികളുടെ ഇടപെടലുകളെക്കുറിച്ച് സൂചന നല്‍കുന്നതാണ് ഈ വെളിപ്പെടുത്തല്‍. ഷേയുടെ ഇടപെടലുകള്‍ ഇസ്രഈല്‍ ചാര സംഘടനയായ മൊസാദ് ചില വ്യക്തികളെ തങ്ങളുടെ വരുതിക്ക് വരുത്താനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

ഷേയുമായി ബന്ധപ്പെട്ട 265 പേജ് വിവരങ്ങള്‍ പുറത്തുവിട്ടതായി ഹന്‍ഡാല ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇതില്‍ ഷേയുടെ ആശയവിനിമയവുമായി ബന്ധപ്പെട്ട രേഖകള്‍, സാമ്പത്തിക പങ്കാളികളുടെ വിവരങ്ങള്‍, രഹസ്യമായ കരാരുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇസ്രഈലും ചില മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളുമായുള്ള ബന്ധം സ്വാഭാവികവല്‍ക്കരിക്കുന്നതിനായി തയ്യാറാക്കിയ എബ്രഹാം കരാറിന്റെ മുഖ്യ ശില്‍പികളിലൊരാള്‍ കൂടിയാണ് സാമുവല്‍ ഷേ. 2020 സെപ്തംബറില്‍ യു.എ.ഇയും ബഹ്‌റൈനുമായിരുന്നു ഈ കരാറില്‍ ആദ്യമായി ഒപ്പുവച്ചത്.

ഗള്‍ഫ് ടെക്‌നോളജി സിംസ്റ്റംസ് അടക്കമുള്ള എന്റിറ്റികള്‍ വഴി ഷേ ചില സംയുക്ത പദ്ധതികളുടെ നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചതായി ഹന്‍ഡാല ഗ്രൂപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. യു.എ.ഇയും മറ്റ് അറബ് രാജ്യങ്ങളുമായും ബന്ധപ്പെട്ട തന്ത്രപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സാങ്കേതിക വിദ്യ, ഊര്‍ജം, നിക്ഷേപം, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നതായി ഹാക്കിങ് ഗ്രൂപ്പ് പറയുന്നു.

അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, മേഖലയിലെ ജനങ്ങളെ അടിച്ചമര്‍ത്താനായി ഇസ്രഈലില്‍ നിന്നുള്ള ‘സുരക്ഷാ’ സാങ്കേതിക വിദ്യകള്‍ കൈമാറല്‍ എന്നിവയ്ക്ക് വേണ്ടി ഷേയുടെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നു. ഫലസ്തീന്‍ വിഷയത്തില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള ഇടപെടലും ഈ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ചതായും ഹന്‍ഡാലയുടെ പ്രസ്താവനയില്‍ പറയുന്നു.

‘പ്രതിരോധത്തിന്റെ അച്ചുതണ്ടിനെതിരായ സാമ്പത്തിക ചാരവൃത്തി, രഹസ്യാന്വേഷണ നടപടികള്‍, രഹസ്യ കരാറുകള്‍, സാമ്പത്തിക ഇടപാടുകള്‍ സുരക്ഷാ സേനകളുടെ പരിശീലനം എന്നിവ ഷേയുടെയും സംഘത്തിന്റെയും മേല്‍നോട്ടത്തിലായിരുന്നു,’ പ്രസ്താവനയില്‍ പറയുന്നു. ഹിസ്ബുല്ല സംഘടനയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിലും ലെബനനിലെ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്നതിലും ഷേയുടെ ഇടപെടല്‍ പൂര്‍ണമായി വെളിപ്പെടുത്തുന്നതാണ് പുറത്തുവിട്ട രേഖകളെന്നും ഹാക്കിങ് ഗ്രൂപ്പ് പറയുന്നു.

Content highlight: Samuel Shay Introduced Epstein to UAE businessman Sultan Ahmed bin Sulayem; Mastermind behind Netanyahu’s UAE visit, chief architect of Abraham Accords hacked- Handala

We use cookies to give you the best possible experience. Learn more