മുംബൈ ഇന്ത്യൻസിനെതിരെയുള്ള പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജെയ്സ്വാളിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ജെയ്സ്വാള്‍ ഓറഞ്ച് ക്യാപ് നേടാന്‍ യോഗ്യനെന്നും എന്നാല്‍ ഓരോ വര്‍ഷവും 500ലധികം റണ്‍സ് സ്‌കോര്‍ ചെയ്യുമെങ്കിലും റണ്‍വേട്ടക്കാരില്‍ അല്പം പിന്നിലായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പക്വതയോടെയാണ് ജെയ്സ്വാള്‍ കളിക്കുന്നതെന്നും കളിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് താരത്തിന്റെ ബാറ്റിങ്ങെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘യശസ്വി ജെയ്സ്വാള്‍ എന്റെ പ്രീ ടൂര്‍ണമെന്റ് ഓറഞ്ച് ക്യാപ് ഫേവറേറ്റാണ്. കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷമായി ഓറഞ്ച് ക്യാപ് നേടാന്‍ യോഗ്യനായ താരമാണ് അവനെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ അവന്‍ 500 – 550 റണ്‍സെടുക്കാറുണ്ടായിരുന്നു. പക്ഷെ അപ്പോഴെല്ലാം അവന്‍ അല്പം പിന്നിലായിട്ടുണ്ട്. എന്നാല്‍, ഈ വര്‍ഷം അവന്‍ പക്വതയോടെയാണ് കളിക്കുന്നത്.
അവന്‍ മത്സരങ്ങളിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ബാറ്റേന്തുന്നത്. ആദ്യ മത്സരത്തില്‍ വളരെ മെല്ലെയാണ് സ്‌കോര്‍ ചെയ്തത്. ടീം ജയിക്കുക എന്നതായിരുന്നു പ്രധാനം, അതുകൊണ്ട് തന്നെ ഒരു ഈഗോയുമില്ലാതെ മറ്റുള്ളവരോട് അടിച്ചു കളിക്കാന്‍ അവന്‍ പറഞ്ഞു. മറ്റുള്ളവര്‍ അടിച്ച് കളിക്കുമ്പോള്‍ എന്തിന് താന്‍ റിസ്‌ക് എടുക്കണമെന്നായിരുന്നു അവന്റെ മനോഭാവം.
രണ്ടാം മത്സരത്തില്‍ 20 പന്തില്‍ 36 റണ്‍സ് നേടിയതിന് പിന്നാലെ ജെയ്സ്വാള്‍ തന്റെ സ്‌കോറിങ് വേഗത കുറച്ചു. അര്‍ധ സെഞ്ച്വറി നേടി. ഈ മത്സരത്തില്‍ മുംബൈക്കെതിരെ മത്സരത്തിലെ ആദ്യ ഓവറില്‍ 22 റണ്‍സെടുത്തു. പിന്നീട് അടിയോടടിയായിരുന്നു. 240 ആയിരുന്നു അവന്റെ സ്‌ട്രൈക്ക് റേറ്റ്,’ ചോപ്ര പറഞ്ഞു.
യശസ്വി ജെയ്‌സ്വാൾ. Photo: IndianPremierLeague/x.com
മുംബൈക്കെതിരെ ജെയ്സ്വാള്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 32 പന്തില്‍ 77 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. നാല് സിക്‌സുകളും പത്ത് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 240. 63 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ താണ്ഡവം.
Content Highlight: RR vs MI: Akash Chopra lauds Yashasvi Jaiswal’s performance in IPL 2026