ഗുണ: റോഡ് നിർമിച്ചു നൽകിയില്ലെങ്കിൽ വോട്ട് ചെയ്യില്ലെന്ന് തുറന്നുപറഞ്ഞ വോട്ടറോട് തന്നോട് സംസാരിക്കുമ്പോൾ ‘ഈ ഭാഷ’ ഉപയോഗിക്കരുതെന്ന് താക്കീത് ചെയ്ത കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ രാജഭരണം അവസാനിച്ച വിവരം സിന്ധ്യ അറിഞ്ഞിട്ടില്ലെന്ന് പരിഹസിച്ചാണ് ആളുകൾ രംഗത്തെത്തിയത്.
‘രാജഭരണം അവസാനിച്ചു, പക്ഷേ ആരും സിന്ധ്യക്ക് അതിന്റെ വിവരമറിയിച്ചു നൽകിയില്ലെന്ന് തോന്നുന്നു’ എന്നാണ് ആളുകൾ പരിഹസിക്കുന്നത്. ‘റോഡ് കൃത്യസമയത്ത് പണിതു തീർക്കണം, അല്ലെങ്കിൽ ഞങ്ങൾ വോട്ട് ചെയ്യില്ല’ എന്ന് ഒരു പൗരൻ പറഞ്ഞപ്പോൾ, ‘എന്റെ മുന്നിൽ വെച്ച് മേലിൽ ഈ ഭാഷ സംസാരിക്കരുത്’ എന്നാണ് സിന്ധ്യയുടെ മറുപടി.
‘ജനങ്ങൾ വോട്ടർമാരാണെന്നും അല്ലാതെ പഴയ പ്രജകളല്ലെന്നും മുൻ ഗ്വാളിയോർ രാജകുടുംബത്തിന്റെ തലവനായ സിന്ധ്യയെ ഓർമിപ്പിക്കുന്നു’ എന്ന് ഒരാൾ എക്‌സിൽ കുറിച്ചു.
‘താങ്കളുടെ പൂർവികർ രാജാക്കന്മാരായിരുന്നിരിക്കാം, എന്നാൽ താങ്കൾ ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യത്തെ പൗരന്മാർ വോട്ടർമാരാണ്, അല്ലാതെ നിങ്ങളുടെ സാമ്രാജ്യത്തിലെ അടിമകളോ പ്രജകളോ അല്ല,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ പ്രിവി പേഴ്സുകൾ നിർത്തലാക്കുകയും രാജഭരണം അവസാനിക്കുകയും ചെയ്തെങ്കിലും രാഷ്ട്രീയക്കാർ തങ്ങൾ സാധാരണക്കാർക്കും മുകളിലാണെന്ന് കരുതുന്നുവെന്ന് മറ്റൊരാൾ കുറിച്ചു.
ഇത്തരം അഹങ്കാരികളായ രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യരുതെന്നും ആളുകൾ ആവശ്യപ്പെട്ടു. ‘ഹിസ് ഹൈനസ് ശ്രീമന്ത് മഹാരാജ ജ്യോതിരാദിത്യ മാധവറാവു സിന്ധ്യ’ എന്നാണ് മറ്റൊരു ആൾ പരിഹാസത്തോടെ കുറിച്ചത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുണയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യ പിന്നീട് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗുണയിലെ ബമോരിയിൽ വിദ്യാഭ്യാസം, വൈദ്യുതി, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
Content Highlight: “Royal Rule Is Over, Citizens Are Not Subjects”: Union Minister Jyotiraditya Scindia Faces Sharp Criticism for Rebuking a Voter.