| Friday, 5th January 2018, 11:19 am

പഴുതുകളെല്ലാമടച്ച് റോയല്‍ എന്‍ഫീല്‍ഡിന്റെ പരിഷ്‌കരിച്ച ഹിമാലയന്‍ എത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബുള്ളറ്റിന്റെ പൗരുഷത്തിനും ഘന ഗാംഭീര്യതയ്ക്കുമപ്പുറം ഹിമാലയനിലൂടെ അഡ്വഞ്ചറസ് വാഹനങ്ങളിലൂടെ മറ്റൊരു വാതില്‍ തുറന്ന റോയല്‍ എന്‍ഫീല്‍ഡിന് പക്ഷേ ചാസിയില്‍ വിള്ളല്‍ വീഴുന്നതടക്കമുള്ള ഗുരുതര പരാതികളെ തുടര്‍ന്ന് വിപണിയിയില്‍ പരാജയപ്പെടാനായിരുന്നു വിധി. എന്നാല്‍ ഇത്തവണ പഴുതുകളെല്ലാമടച്ച് വിപണി കീഴക്കാന്‍ തന്നെയാണ് പുത്തന്‍ ഹിമാലയന്റെ വരവ്. 2018 ഫെബ്രുവരിയോടെ പുതിയ ഹിമാലയന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.

പുത്തന്‍ നിറഭേദമാണ് പുതിയ ഹിമാലയന്റെ പ്രധാന സവിശേഷത എന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സ്‌നോ, ഗ്രാഫൈറ്റ് നിറഭേദങ്ങളിലാണ് ഹിമാലയന്‍ ലഭ്യമായിരുന്നത്. അതേസമയം പുതിയ മോഡലില്‍ മൂന്ന് നിറങ്ങള്‍ ലഭ്യമാകും.

പുതിയ നിറത്തിന് പുറമെ മോട്ടോര്‍സൈക്കിളില്‍ കാര്യമായ മാറ്റങ്ങള്‍ കാണാനില്ല. 411 സി.സി, സിംഗിള്‍-സിലിണ്ടര്‍, ഫോര്‍-സ്‌ട്രോക്ക്, എയര്‍-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനില്‍ തന്നെയാകും പുതിയ ഹിമാലയനും വരിക. 24.5 ബി.എച്ച്.പി കരുത്തും 32 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കും.

വര്‍ധിച്ച ഓഫ്-റോഡിംഗ് ശേഷിക്ക് വേണ്ടി ഹാഫ്-ഡ്യുപ്ലെക്‌സ് സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിമിലാണ് ഹിമാലയന്റെ ഒരുക്കം. നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷനാണ് ഹിമാലയന്റെ ആകര്‍ഷണം. 200 എം.എം ട്രാവലോടെയുള്ള 41 എം.എം ഫ്രണ്ട് ഫോര്‍ക്കുകളാണ് ഹിമാലയനില്‍ ഇടംപിടിക്കുന്നത്. 180 എം.എം വീല്‍ ട്രാവലോടെയുള്ളതാണ് റിയര്‍ മോണോ ഷോക്ക്.

നിലവില്‍ 300 എം.എം ഡിസ്‌ക് മുന്‍ ടയറിലും, 240 എം.എം ഡിസ്‌ക് പിന്‍ ടയറിലും മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് ഒരുക്കുന്നുണ്ട്. അതേസമയം എബി.എസിന്റെ അഭാവം ഹിമാലയനില്‍ റോയല്‍ എന്‍ഫീല്‍ഡ് നേരിടുന്ന വിമര്‍ശനങ്ങളില്‍ ഒന്നാണ്. മുകളിലേക്ക് മുഖമു യര്‍ത്തി നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് അഡ്വഞ്ചറസ് പ്രേമികള്‍ക്ക് കൂടുതല്‍ സഹായകരമാവും.

220 എം.എം ആണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ട്രെഡ് പാറ്റേണ്‍ ടയറുകള്‍, വീതി കുറഞ്ഞ ഹാന്‍ഡില്‍ബാര്‍, പരിഷ്‌കരിച്ച സീറ്റ്, ഇടുങ്ങിയ ഫ്യൂവല്‍ ടാങ്ക് എന്നിവയെല്ലാം ഹിമാലയന്റെ ഓഫ്-റോഡിംഗ് ശേഷിയോട് നീതി പുലര്‍ത്തുന്നതാണ്.

5,000 രൂപ മുതല്‍ 6,000 രൂപ വരെ വില വര്‍ധനവിലാകും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ വിപണിയില്‍ എത്തുക.

We use cookies to give you the best possible experience. Learn more