ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പരാജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ട്രോള്‍ മഴ. മുമ്പ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ കാര്യങ്ങളും നിലവിലെ മോശം പ്രകടനവും മുന്‍ നിര്‍ത്തിയാണ് ജിതേഷ് ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. സ്വന്തം ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ തകരണമെന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും എന്നിട്ട് താന്‍ ഹീറോ ആയി വന്ന് സ്‌കോര്‍ ചെയ്യുമെന്നുമാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.
‘ഞാന്‍ എപ്പോഴും ദൈവത്തോട് പ്രാര്‍ത്ഥിക്കും, എന്റെ ടോപ്പ് ഓര്‍ഡര്‍ തകരട്ടെയെന്നും, എനിക്ക് ബാറ്റ് ചെയ്യാനും സ്‌കോര്‍ ചെയ്യാനും കഴിയട്ടെയെന്നും. ഒരു ഹീറോ ആകാനുള്ള ഒരു അവസരമായി ഞാന്‍ ഇതിനെ കാണുന്നു. എന്റെ ജീവിതത്തില്‍ അത്തരം ഇന്നിങ്‌സുകള്‍ ഞാന്‍ എപ്പോഴും മനസില്‍ കാണുന്നു. ഞാന്‍ അത്തരമൊരു വ്യക്തിയാണ്,’ ജിതേഷ് പറഞ്ഞത്.
എന്നാല്‍ കഴിഞ്ഞ 10 മത്സരങ്ങളില്‍ നിന്ന് വെറും 64 റണ്‍സ് മാത്രമാണ് താരം നേടിയത്. 23 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാത്രമാണ് സീസണില്‍ താരം നേടിയത്. നിര്‍ണായക ഘട്ടങ്ങളില്‍ പോലും ബെംഗളൂരുവിനെ സഹായിക്കാന്‍ താരത്തിന് സാധിക്കുന്നില്ല. 11 കോടി മുടക്കി കഴിഞ്ഞ സീസണില്‍ ബെംഗളൂരു നിലനിര്‍ത്തിയ താരമായിരുന്നു ജിതേഷ് ശര്‍മ.
‘ഹീറോ ആകാന്‍ ശ്രമിച്ച് സ്വന്തം കുഴിവെട്ടുകയാണ് ജിതേഷ് എന്നും, ഇവനല്ലേ പറഞ്ഞത് എല്ലാവരും ഔട്ട് ആയിട്ട് ടീമിനെ രക്ഷിക്കണമെന്ന്. ഇതിപ്പോള്‍ ഇവന്‍ ടീമിന് തന്നെ ഒരു ബാധ്യത ആകുകയാണല്ലോ,’ എന്നടക്കമുള്ള കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
രാജസ്ഥാനെതിരെ 8 പന്തില്‍ 5 റണ്‍സ്, ദല്‍ഹിക്കെതിരെ 20 പന്തില്‍ 14, ഗുജറാത്തിനെതിരെ 6 പന്തില്‍ 1, ലഖ്‌നൗവിനെതിരെ 3 പന്തില്‍ 1 എന്നിങ്ങനെയാണ് ബെംഗളൂരു തോറ്റ മത്സരങ്ങളില്‍ ജിതേഝ് നേടിയ സ്‌കോര്‍. ഐ.പി.എല്ലില്‍ 65 മത്സരങ്ങള്‍ കളിച്ച ജിതേഷ് 1055 റണ്‍സാണ് നിലവില്‍ നേടിയത്. കരിയറില്‍ വെറും ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മിന്നും വിജയം. മഴ മൂലം തടസപ്പെട്ട മത്സരത്തില്‍ ഡി.എല്‍.എസ് രീതിയിലാണ് വിജയിയെ പ്രഖ്യാപിച്ചത്. സ്വന്തം തട്ടകമായ എകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒമ്പത് റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് റിഷബ് പന്തും സംഘവും സ്വന്തമാക്കിയത്.
19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറി കരുത്തില്‍ 209 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ട്ത്തില്‍ 203 റണ്‍സാണ് ബെംഗളൂരുവിന് നേടാനായത്. ഈ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരുന്നെങ്കില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ചേക്കേറാന്‍ ബെംഗളൂരുവിന് സാധിക്കുമായിരുന്നു. എന്നാല്‍ മറുവശത്ത് തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കിയാണ് ലഖ്‌നൗ ബെംഗളൂരുവിന്റെ മോഹങ്ങള്‍ തകര്‍ത്തത്.
Content Highlight: Royal Challengers Bengaluru Player Jithesh Sharma Get Trolled From Social Media