ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന വമ്പന്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ചാം ജയം. സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരു തകര്‍ത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ബെംഗളൂരു.
വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബെംഗളൂരിന് സാധിച്ചു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമുള്‍പ്പെടെ 10 പോയിന്റാണ് ബെംഗളൂരുവിന്റെ പക്കലുള്ളത്.
എന്നാല്‍ വിജയക്കുതിപ്പിലും നാണക്കേടിന്റെ ലിസ്റ്റില്‍ ഒന്നാം സ്ഥാത്തെത്തുകയാണ് ഇപ്പോള്‍ ബെംഗളൂരു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത സെഞ്ച്വറി വഴങ്ങുന്ന ടീമാകുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഈ നാണക്കേടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും മുംബൈ ഇന്ത്യന്‍സിനെയും മറികടന്നാണ് ബെംഗളൂരു ഒന്നാമത് എത്തിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂ – 15*
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 14
മുംബൈ ഇന്ത്യന്‍സ് – 14
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 11
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 11
രാജസ്ഥാന്‍ റോയല്‍സ് – 10
പഞ്ചാബ് കിങ്‌സ് – 10
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സായ് സുദര്‍ശന്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഐ.പി.എല്ലിലെ സായ് സുദര്‍ശന്റെ മൂന്നാം സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 34 റണ്‍സും ജോസ് ബട്‌ലര്‍ 25 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി.
അതേസമയം വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റേയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍സിബിയുടെ വിജയം. 44 പന്തില്‍ 81 റണ്‍സ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്. 27 പന്തില്‍ രണ്ട് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളുമായി 55 റണ്‍സാണ് പടിക്കല്‍ നേടിയത്.
ആര്‍.സി.ബിബൗളിങ്ങില്‍ സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിക് സലാം എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ഏപ്രില്‍ 30ന് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തും. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം.
Content Highlight: Royal Challengers Bengaluru In Unwanted Record In IPL