| Sunday, 12th April 2026, 10:47 pm

മുംബൈയുടെ തട്ടകത്തില്‍ മാസ് കാണിച്ച് ബെംഗളൂരു; തിരുത്തിയത് സ്വന്തം റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെയിലാണ് ഇരുവരുടെയും പോരാട്ടം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടിയത്.

ഇതോടെ ഒരു കിടിലന്‍ റെക്കോഡും ബെംഗളൂരു സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ബെംഗളൂരു രേഖപ്പെടുത്തിയത്. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മുംബൈയെ തന്നെ അടിച്ച് പറത്തിയാണ് ബെംഗളൂരു ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല 2015ല്‍ ഇതേ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ നേടിയ സ്‌കോര്‍ മറികടന്നാണ് ബെംഗളൂരു വീണ്ടും റെക്കോഡ് സ്ഥാപിച്ചത്.

വാംഖഡെയില്‍ ഏറ്റവും ഉയര്‍ന്ന ഐ.പി.എല്‍ സ്‌കോര്‍

(ടീം, സ്‌കോര്‍, എതിരാളി, വര്‍ഷം)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: 240 – മുംബൈ ഇന്ത്യന്‍സ് – 2026

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: 240 – മുംബൈ ഇന്ത്യന്‍സ് – 2015

മുംബൈ ഇന്ത്യന്‍സ്: 234 – ദല്‍ഹി ക്യാപിറ്റല്‍സ് – 2024

പഞ്ചാബ് കിങ്‌സ്: 230 – മുംബൈ ഇന്ത്യന്‍സ് – 2017

ഓപ്പണര്‍മാരായ വിരാട് കോഹ്‌ലിയും ഫില്‍ സാള്‍ട്ടുമാണ് ബെംഗളൂരുവിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്. 36 പന്തില്‍ ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 78 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. 38 പന്തില്‍ 50 റണ്‍സായിരുന്നു വിരാടിന്റെ സംഭാവന. ഇരുവരും 65 പന്തില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബെംഗളൂരുവിന് നല്‍കിയത്.

പിന്നീട് ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ബെംഗളൂരുവിന്റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 20 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 53 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. നാലാമനായി ഇറങ്ങിയ ടിം ഡേവിഡ് 16 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി ശര്‍ദുല്‍ താക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

അതേസമയം നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് 6 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും 14 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവുമാണ്. 13 പന്തില്‍ 19 റണ്‍സ് നേടി രോഹിത് ശര്‍മ റിട്ടയേഡ് ഹര്‍ട്ടായപ്പോള്‍ റയാന്‍ റിക്കിള്‍ട്ടണ്‍ 22 പന്തില്‍ 37 റണ്‍സ് നേടി മടങ്ങി. തിലക് വര്‍മ ഒരു റണ്‍സിനാണ് കൂടാരം കയറിയത്. രണ്ട് വിക്കറ്റും നേടിയത് സുയാഷ് ശര്‍മയാണ്.

Content Highlight: Royal Challengers Bengaluru In Great Record Achievement Ay Wankhede In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more