ഐ.പി.എല്ലിന്റെ 19ാം എഡിഷന്‍ പടിവാതിലിലെത്തി നില്‍ക്കുമ്പോള്‍ ഡിഫന്റിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടി. ബെംഗളൂരുവിന്റെ ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാരയ്ക്ക് ക്രിക്കറ്റ് ബോര്‍ഡ് എന്‍.ഒ.സി നല്‍കിയില്ലെന്നാണ് ന്യൂസ്‌വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദേശ് ക്രിക്കറ്റ് ലീഗുകളില്‍ പങ്കെടുക്കാനുള്ള കര്‍ശനമായ പുതിയ ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പേസര്‍ പരാജയപ്പെട്ടതിനാലാണ് ലങ്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്‍.ഒ.സി നല്‍കാത്തത് എന്നാണ് റിപ്പോര്‍ട്ട്.
നുവാന്‍ തുഷാര
2026ലെ ഐ.പി.എല്‍ ലേലത്തിന് മുമ്പ് ആര്‍.സി.ബി തുഷാരയെ 1.6 കോടി രൂപയ്ക്ക് നിലനിര്‍ത്തിയിരുന്നു. 2025ലെ ഐ.പി.എല്ലില്‍ ബെംഗളൂരുവിന് വേണ്ടി ഒരു മത്സരം കളിച്ചിരുന്നു. മത്സരത്തില്‍ ഒരു വിക്കറ്റും താരം നേടി. 2024 ലെതന്റെ അരങ്ങേറ്റ സീസണില്‍ മുംബൈയ്ക്ക് വേണ്ടി ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകളും തുഷാര വീഴ്ത്തിയിരുന്നു.
അതേസമയം നേരത്തെ ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് പരിക്ക് കാരണം ഐ.പി.എല്ലിലെ തുടക്ക മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ ലങ്കന്‍ പേസര്‍ക്ക് കൂടെ എന്‍.ഒ.സി ലഭിക്കാത്തത് ടീമിന് വലിയ തിരിച്ചടിയാണ്.
നുവാന്‍ തുഷാര
ജനുവരിയില്‍ പാകിസ്ഥാനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് നുവാന്‍ അവസാനമായി ടി-20 ഫോര്‍മാര്‍റ്റില്‍ ഇറങ്ങിയത്. എന്നിരുന്നാലും 2022ലെയും 2026ലെയും ടി-20 ലോകകപ്പില്‍ പങ്കെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
നിലവില്‍ ലങ്കയ്ക്ക് വേണ്ടി ടി-20യില്‍ 30 മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 5/20 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 8.16 എന്ന കിടിലന്‍ എക്കോണമിയും 22.6 എന്ന ആവറേജും താരത്തിനുള്ളത്. മൂന്ന് ഫോര്‍ഫറും ഒരു ഫൈഫറും താരത്തിനുണ്ട്.
അതേസമയം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഐ.പി.എല്ലിന്റെ 19ാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഡിഫന്റിങ് ചാമ്പ്യന്‍മാരായ ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് കളത്തില്‍ ഇറങ്ങുന്നത്.
Content Highlight: Royal Challengers Bengaluru Have Big Set Back Ahead IPL 2026