| Tuesday, 14th April 2026, 12:00 pm

തോറ്റ മുംബൈയ്ക്കും ജയിച്ച ബെംഗളൂരുവിനും തിരിച്ചടി; സംഭവം ഇങ്ങനെ...

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ടിം ഡേവിഡിനും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കും പിഴ. ഏപ്രില്‍ 12ന് നടന്ന ബംഗളൂരുവും മുംബൈയും തമ്മിലുള്ള മത്സരത്തിനിടയിലാണ് പിഴ ഈടാക്കാന്‍ ആസ്പദമായ സംഭവം നടന്നത്.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഹര്‍ദിക് പാണ്ഡ്യയ്ക്ക് പിഴ ശിക്ഷ ലഭിച്ചത്. ആര്‍.സി.ബി താരം ടിം ഡേവിഡിന് ഐ.പി.എല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന്റെ പേരിലാണ് പിഴ ലഭിച്ചത്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ

നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഹര്‍ദിക്കിന് 12 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് വരുത്തുന്ന ആദ്യത്തെ സ്ലോ ഓവര്‍ റേറ്റ് കുറ്റമാണിത്.

മത്സരത്തിനിടെ പന്ത് മാറ്റേണ്ട സാഹചര്യം വന്നപ്പോള്‍, പുതിയ പന്ത് കൈയില്‍ കിട്ടിയ ടിം ഡേവിഡ് അത് അമ്പയറിന് തിരികെ നല്‍കാതെ പരിശോധിക്കാന്‍ ശ്രമിച്ചതാണ് മറ്റൊരു പ്രശ്‌നത്തിന് കാരണമായത്.

അമ്പയര്‍മാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഡേവിഡ് പന്ത് കൈവശം വെച്ച് പരിശോധിച്ചതോടെയാണ് നടപടി. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘിച്ചതിന് ടിം ഡേവിഡിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും വിധിച്ചു.

അതേസമയം വാംഖഡെയില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. മത്സരത്തില്‍ 18 റണ്‍സിനാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഏപ്രില്‍ 15ന് ലഖ്‌നൗവിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. അതേസമയം ഏപ്രില്‍ 16ന് പഞ്ചാബിനെതിരെ മുംബൈയും ഏറ്റുമുട്ടും.

Content Highlight: Royal Challengers Bengaluru And Mumbai Indians Have Setback

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more