| Tuesday, 28th April 2026, 12:21 pm

പഴയ കൊച്ചി ടസ്‌ക്കേഴ്‌സും വീണു, മുന്നിൽ മുംബൈ മാത്രം; ചരിത്രം തിരുത്തി ബെംഗളൂരു

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 16.3 ഓവറില്‍ 75 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഐ.പി.എല്ലിലെ ഏറ്റവും വേഗതയാര്‍ന്ന രണ്ടാമത്തെ ചെയ്സിങ്ങാണ് നിലവിലെ ചാമ്പ്യന്മാര്‍ ദല്‍ഹിക്കെതിരെ നടത്തിയത്. കൊച്ചി ടസ്‌കേഴ്സ് കേരളയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് ബെംഗളൂരുവിന്റെ കുതിപ്പ്. 2011ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 98 റണ്‍സായിരുന്നു കൊച്ചി പിന്തുടര്‍ന്ന് വിജയിച്ചത്. 7.2 ഓവറിലായിരുന്നു കൊച്ചിയുടെ വിജയം.

ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് രാജസ്ഥാന്‍ 97 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊച്ചി 7.2 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. കൊച്ചിയുടെ ബാറ്റിങ്ങില്‍ ബ്രാഡ് ഹോഡ്ജ് 17 പന്തില്‍ 33 റണ്‍സും ബ്രണ്ടന്‍ മക്കല്ലം 12 പന്തില്‍ 29 റണ്‍സും നേടി വെടിക്കെട്ട് ഇന്നിങ്സ് നടത്തി.

ഹോഡ്ജ് അഞ്ച് ഫോറുകളും രണ്ട് സിക്‌സും നേടിയപ്പോള്‍ മക്കല്ലം ഒരു ഫോറും നാല് സിക്‌സും നേടി. ക്യാപ്റ്റന്‍ മഹേല ജയവര്‍ധന രണ്ട് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടെ 14 പന്തില്‍ 21 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ കൊച്ചി തകര്‍പ്പന്‍ ജയം നേടുകയായിരുന്നു.

ഐ.പി.എല്‍ ഒറ്റ സീസണ്‍ മാത്രം കളിച്ച മലയാളികളുടെ പ്രിയപ്പെട്ട ടീമായ കൊച്ചി ടസ്‌ക്കേഴ്സ് കേരള നേടിയ ഈ റെക്കോഡ് നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം തകര്‍ക്കപ്പെട്ടിരിക്കുകയാണ്.

ഈ റെക്കോഡില്‍ നിലവില്‍ ആര്‍.സി.ബിയുടെ മുന്നിലുള്ളത് മുംബൈ ഇന്ത്യന്‍സ് മാത്രമാണ്. 2008ല്‍ കൊല്‍ക്കത്തക്കെതിരെയായിരുന്നു മുംബൈയുടെ റെക്കോഡ് ചെയ്സിങ്. കെ.കെ.ആറിനെതിരെ 68 റണ്‍സ് വെറും 5.3 ഓവറിലാണ് മുംബൈ മറികടന്നത്.

Content Highlight: Royal Challengers Bangalore Break Kochi Tuskers Kerala Record in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more