| Sunday, 10th May 2026, 11:57 pm

പൊരുതി വീണ് മുംബൈ പുറത്തേക്ക്; അവസാന പന്തിൽ ജയിച്ചുകയറി ബെംഗളൂരു തലപ്പത്ത്

Sudev A

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആവേശ വിജയം. റായ്പൂരില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാര്‍ മുംബൈയെ തകര്‍ത്തത്. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

ഈ തകര്‍പ്പന്‍ വിജയത്തോടെ 14 പോയിന്റുമായി ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മറുവശത്ത് തോല്‍വിയോടെ മുംബൈ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

മത്സരത്തില്‍ പവര്‍ പ്ലേ പിന്നിടും മുമ്പേ ആര്‍.സി.ബിക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ദേവദത്ത് പടിക്കല്‍ 12 റണ്‍സും ക്യാപ്റ്റന്‍ രജത് പടിദാര്‍ എട്ട് റണ്‍സും നേടി മടങ്ങിയപ്പോള്‍ വിരാട് കോഹ്ലി ആദ്യ പന്തില്‍ തന്നെ പുറത്താവുകയുമായിരുന്നു.

ഈ തകര്‍ച്ചയുടെ സമയത്ത് ക്രീസിലെത്തിയ കൃണാല്‍ പാണ്ഡ്യ ഓപ്പണര്‍ ജേക്കബ് ബേഥലിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ജേക്കബ് 27 റണ്‍സിന് മടങ്ങിയെങ്കിലും കൃണാല്‍ പാണ്ഡ്യ അര്‍ധ സെഞ്ച്വറി നേടി പൊരുതി. 46 പന്തില്‍ 73 റണ്‍സാണ് താരം നേടിയത്. നാല് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ജിതേഷ് ശര്‍മ 18 റണ്‍സിനും റൊമാരിയോ ഷെപ്പേര്‍ഡ് നാല് റണ്‍സിനും ടിം ഡേവിഡ് റണ്‍സ് ഒന്നും നേടാതെയും പുറത്തായപ്പോള്‍ ബെംഗളൂരു തോല്‍വിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ പറത്തിയ സിക്‌സര്‍ ആര്‍.സി.ബിക്ക് വിജയപ്രതീക്ഷകള്‍ നല്‍കി. അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടി വന്ന സമയത്ത് റാഷിഖ് സലാം ടീമിന് ആവേശ വിജയം സമ്മാനിച്ചു.

ബെംഗളൂരുവിന്റെ ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഭുവനേശ്വര്‍ കുമാറാണ്. നാല് ഓവറില്‍ 23 റണ്‍സ് വിട്ടു നല്‍കി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ജോഷ് ഹേസല്‍വുഡ്. റാഷിഖ് സലാം, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വീതം വിക്കറ്റും സ്വന്തമാക്കി

മുംബൈ നിരയില്‍ തിളങ്ങിയത് തിലക് വര്‍മയാണ്. അര്‍ധ സെഞ്ച്വറി നേടിയാണ് തിലക് ടീമിന്റെ ടോപ് സ്‌കോററായത്. 42 പന്തില്‍ 57 റണ്‍സാണ് തിലക് നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. നമന്‍ ധിര്‍ 32 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് സിക്സുകളും അടക്കം 47 റണ്‍സും നേടി നിര്‍ണായകമായി. രോഹിത് ശര്‍മ 10 പന്തില്‍ 22 റണ്‍സും നേടി.

മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ്ങില്‍ കോര്‍ബിന്‍ ബോഷ് നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ ദീപക് ചഹര്‍ രണ്ട് വിക്കറ്റുകളും അല്ലാഹ് ഗസന്‍ഫര്‍, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

അതേസമയം മെയ് 14ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ തട്ടകമായ ധര്‍മ്മശാലയാണ് വേദി. മറുവശത്ത് മെയ് 13ന് നടക്കുന്ന മത്സരത്തില്‍ ആര്‍.സി.ബി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും നേരിടും. റായ്പൂരിലാണ് മത്സരം.

Content Highlight: Royal Challengers Bangalore Beat Mumbai Indians ipl 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more