| Tuesday, 26th May 2026, 10:00 pm

പട നയിച്ച് പാട്ടിദാർ; പ്ലേ ഓഫിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ബെംഗളൂരു

Sudev A

2026 ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൂറ്റൻ ടോട്ടലുയർത്തി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ധർമശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 ആണ് അടിച്ചെടുത്തത്.

ഐ.പി.എൽ പ്ലേ ഓഫിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ടീം ടോട്ടൽ 250 കടക്കുന്നത്. ഇതിനുമുമ്പ് പ്ലേ ഓഫിൽ ഉയർന്ന സ്കോർ നേടിയിരുന്നത് ഗുജറാത്ത് ടൈറ്റൻസ് ആയിരുന്നു. 2023ൽ മുംബൈ ഇന്ത്യൻസിനെതിരെ 233 റൺസായിരുന്നു ഗുജറാത്ത്‌ നേടിയിരുന്നത്. ഇപ്പോൾ ഇതേ ഗുജറാത്തിന്റെ റെക്കോഡ് ഗുജറാത്തിനെതിരെ തന്നെ തകർത്തിരിക്കുകയാണ് ബെംഗളൂരു.

ഐ.പി.എൽ പ്ലേ ഓഫിൽ ഏറ്റവും ഉയർന്ന ടോട്ടൽ നേടിയ ടീം, എതിരാളി റൺസ്, വർഷം

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസ്- 254/5-2026

ഗുജറാത്ത് ടൈറ്റൻസ്- മുംബൈ ഇന്ത്യൻസ്-233/3- 2023

മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസ് 228/5- 2025

പഞ്ചാബ് കിങ്‌സ്- ചെന്നൈ സൂപ്പർ കിങ്‌സ്-226/6-2014

ചെന്നൈ സൂപ്പർ കിങ്‌സ്-ദൽഹി ക്യാപ്പിറ്റൽസ്-222/5- 2012

ക്യാപ്റ്റൻ രജത് പാടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റൻ സ്കോർ ഉയർത്തിയത്. 33 പന്തിൽ നിന്നും പുറത്താവാതെ 93 റൺസ് നേടിയാണ് ആർ.സി.ബി ക്യാപ്റ്റൻ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. വിരാട് കോഹ്‌ലി, ക്രുണാൽ പാണ്ഡ്യ എന്നിവർ 43 റൺസ് വീതവും നേടി ടീമിന് കൂറ്റൻ ടോട്ടൽ നൽകുന്നതിൽ നിർണായകമായി. ദേവദത്ത് പടിക്കൽ 30 റൺസും സ്വന്തമാക്കി.

ഗുജറാത്തിന്റെ ബൗളിങ് നിരയിൽ ജേസൺ ഹോൾഡർ, കാഗിസോ റബാദ എന്നിവർ രണ്ടു വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Royal Chalangers Banglore create a new history in IPL Play Off

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more