| Friday, 24th April 2026, 11:19 pm

സായ് സുദർശന്റെ സെഞ്ച്വറി രക്ഷിച്ചില്ല; ഗുജറാത്തിനെ വീഴ്ത്തി ആർ.സി.ബി കുതിക്കുന്നു

സുദേവ് എ

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് അഞ്ചാം ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ആര്‍സിബി കീഴടക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയായ 206 റണ്‍സ് വിജയലക്ഷ്യം ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ മറികടന്നു.

വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റേയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍സിബി ജയിച്ചു കയറിയത്. 44 പന്തില്‍ 81 റണ്‍സ് നേടിയാണ് കോഹ്ലി തിളങ്ങിയത്. എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 27 പന്തില്‍ രണ്ട് ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളുമായി 55 റണ്‍സാണ് പടിക്കല്‍ നേടിയത്.

ആര്‍.സി.ബി ബൗളിങ്ങില്‍ സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിക് സലാം എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സായ് സുദര്‍ശന്‍ സെഞ്ച്വറി നേടി തിളങ്ങി. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറുകളും അഞ്ച് സിക്‌സുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. ഐ.പി.എല്ലിലെ സായ് സുദര്‍ശന്റെ മൂന്നാം സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 34 റണ്‍സും ജോസ് ബട്ലര്‍ 25 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി.

ഈ തകര്‍പ്പന്‍ വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും രജത് പടിദാറിനും സംഘത്തിനും സംഘത്തിനും സാധിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും രണ്ട് തോല്‍വിയും അടക്കം 10 പോയിന്റാണ് ആര്‍.സി.ബിക്കുള്ളത്.

ഇത്ര തന്നെ പോയിന്റുള്ള രാജസ്ഥാൻ റോയൽസിനെ മറികടന്നുകൊണ്ടാണ് ആർ.സി.ബിയുടെ കുതിപ്പ്. മികച്ച റണ്‍ റേറ്റാണ് ആര്‍.സി.ബിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. മറുഭാഗത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും നാല് തോല്‍വിയും അടക്കം ആറ് പോയിന്റോടെ ഏഴാം സ്ഥാനത്തുമാണ്.

ഏപ്രില്‍ 30ന് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തും. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം.

Content Highlight: Royal Chalangers Banglore beat Gujarat Titans in IPL 2026

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more