ഗാനരചയിതാവായ വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതയോടെ ജിയോ ഹോട്‌സ്റ്റാറില്‍ പ്രദര്‍ശനം ആരംഭിച്ച സിരീസാണ് സീക്രട്ട് സ്റ്റോറീസ്: റോസ്ലിന്‍. വിനീത്, മീന, സഞ്ജന ദിപു, ഹക്കീം ഷാ, അനിഷ്മ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ സിരീസിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. റോസ്ലിന്‍ എന്ന പെണ്‍കുട്ടിയെയും താന്‍ കാണുന്ന സ്വപ്‌നങ്ങളെയും ചുറ്റിപറ്റി നടക്കുന്ന കഥ സൈക്കോളജിക്കല്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
സഞ്ജന ദിപു. Photo: screengrab/ cue studio/ Youtube.com
ടൈറ്റില്‍ ക്യാരക്ടറായ കൗമാരക്കാരി റോസ്ലിനെ അവതരിപ്പിച്ചിരിക്കുന്നത് സഞ്ജന ദിപുവാണ്. മൂത്തോന്‍ എന്ന ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മുല്ലയായെത്തിയ സഞ്ജന രണ്ട് കഥാപാത്രങ്ങളും അവതരിപ്പിച്ച അനുഭവത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മൂത്തോനിലെയും റോസ്‌ലിനിലെയും അനുഭവങ്ങള്‍ താരം പങ്കുവെച്ചത്.
‘റോസ്‌ലിന്‍ എനിക്ക് പുതിയ ഒരനുഭവമായിരുന്നു. ഇതിന് മുമ്പ് ഞാന്‍ ചെയ്ത ചിത്രമായ മൂത്തോന്‍ വെച്ച് നോക്കുകയാണെങ്കില്‍, അതില്‍ തുടക്കത്തില്‍ മുല്ല എന്ന കഥാപാത്രത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. പിന്നീട് ലൊക്കേഷനിലും ചുറ്റുമുള്ള ആള്‍ക്കാരിലുമെല്ലാം മാറ്റം വരുന്നുണ്ട്. പക്ഷേ ഇവിടെ ഏകദേശം എല്ലാ ദിവസവും ഷൂട്ട് നടന്നിരിക്കുന്ന ഒരേ വീട്ടിലാണ്. ചുറ്റുമുള്ളതും ഒരേ ആള്‍ക്കാരാണ്.
അതുകൊണ്ട് തന്നെ ഒരേ ചുറ്റുപാടിലുള്ള കഥാപാത്രത്തെ ഓഡിയന്‍സിന് ശല്ല്യമായി തോന്നരുതായിരുന്നു. അത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. സംവിധായകനും എഴുത്തുകാരനും സമര്‍പ്പിച്ച് അവര്‍ പറയുന്ന പോലെ പറ്റുന്ന രീതിയില്‍ ചെയ്ത് കൊടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മൂത്തോന്റെ സെറ്റില്‍ ഗീതു ആന്റിയായും നിവിന്‍ ചേട്ടനായും വളരെ കണക്ടഡാണ്. അതുകൊണ്ട് തന്നെ എനിക്ക് ഒരു കുട്ടിയെ പോലെയാണ് ഫീല്‍ ചെയ്തത്,’ സഞ്ജന ദിപു പറഞ്ഞു.
സഞ്ജന മൂത്തോനില്‍. Photo: arunprasad/ X.com
സിരീസില്‍ വിനീതിനൊപ്പവും മീനക്കൊപ്പവും മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പവും അഭിനയിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും താരം പറയുന്നു. മൂത്തോനിലെ മുല്ല വളരെയധികം ഹോപ്ഫുള്‍ ആയ കഥാപാത്രമായിരുന്നുവെന്നും നേരെ മറിച്ച് കാണുന്ന കാര്യങ്ങളെയെല്ലാം വളരെ സംശയത്തോടെ സമീപിക്കുന്ന താരമാണ് റോസ്‌ലിനെന്നും സഞ്ജന കൂട്ടിച്ചേര്‍ത്തു.
Content Highlight: Roslin actress Sanjana Dipu talks about her character in Moothon
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ