| Monday, 7th September 2026, 8:28 pm

ഓള്‍ ദി ബെസ്റ്റ് പറഞ്ഞിട്ട് ഓടിക്കോ എന്നാണ് ഗിരീഷേട്ടന്‍ പറഞ്ഞത്, ഇടിച്ചുകയറട്ടെ എന്ന് ഞാനാണ് ചോദിച്ചത്: റോഷന്‍ ഷാനവാസ്

അശ്വിന്‍ രാജേന്ദ്രന്‍

2024-ല്‍ പുറത്തിറങ്ങിയ ആക്ഷന്‍-കോമഡി ഹിറ്റ് ചിത്രം ആവേശത്തിലെ ശാന്തന്‍ എന്ന കഥാപാത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന യുവതാരമാണ് റോഷന്‍ ഷാനവാസ്. തുടര്‍ന്ന് പൈങ്കിളി, നെല്ലിക്കാമ്പൊയില്‍ നൈറ്റ് റൈഡേഴ്സ്, മോളിവുഡ് ടൈംസ് തുടങ്ങിയ ചിത്രങ്ങളിലൂടെയും റോഷന്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി-മമിത ബൈജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയബെത്ലഹേം കുടുംബ യൂണിറ്റിലെ ഗ്ലിക്‌സണ്‍ എന്ന കഥാപാത്രത്തിലൂടെ വലിയ ശ്രദ്ധയും മികച്ച പ്രേക്ഷക പ്രതികരണങ്ങളുമാണ് റോഷന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മമിത ബൈജു അവതരിപ്പിക്കുന്ന ആഷ്ലിന്‍ എന്ന കഥാപാത്രത്തിന്റെ പിന്നാലെ നടക്കുന്ന പൂവാലന്‍ വേഷമാണ് റോഷന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓണത്തിന് റിലീസായ ചിത്രം മൂന്നാം ആഴ്ചയിലും ഹൗസ് ഫുള്‍ ഷോകളുമായാണ് പ്രേക്ഷക ഹൃദയം കീഴടക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഇതിനോടകം ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ 250 കോടി പിന്നിട്ട ചിത്രം മോളിവുഡിലെ സകല ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ക്കും ഭീഷണിയായി കൊണ്ടാമ് മുന്നേറുന്നത്. ചിത്രത്തിന്‍രെ വന്‍ വിജയത്തിന് പിന്നാലെ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബെത്‌ലഹേമില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കോളേജ് സീനിനെ കുറിച്ച് പറയുകയാണ് റോഷന്‍. ഓള്‍ ദി ബെസ്റ്റ് പറഞ്ഞ് ഓടിപ്പോകുന്നതിനിടെ നാടകക്കാരുടെ ഇടയിലേക്ക് ഗ്ലിക്‌സണ്‍ വീഴുന്ന സീനിന് മികച്ച കൈയടിയായിരുന്നു ലഭിച്ചത്.

‘മമിതയോട് ഓള്‍ ദി ബെസ്റ്റ് പറഞ്ഞ് ഓടിക്കോ എന്നായിരുന്നു ഗിരീഷേട്ടന്‍ പറഞ്ഞത്. അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ കുറേ പേര് അവിടെ കുന്തവും വടിയുമൊക്കെ ആയി നില്‍ക്കുന്നുണ്ട്. അവരെ കണ്ടപ്പോള്‍ ഓടി അവരുടെ ഇടയിലേക്ക് ഇടിച്ചു കയറിയാലോ എന്ന് ഗിരീഷേട്ടനോട് ഞാന്‍ ചോദിച്ചു. അവര്‍ കുന്തമായിട്ടാണ് നില്‍ക്കുന്നത് നീ ഓക്കെയാണോ എന്ന് ചോദിച്ചു. കുഴപ്പമില്ല ചെയ്‌തോളാം എന്ന് പറഞ്ഞിട്ടാണ് ആ സീന്‍ ചെയ്തത്,’ റോഷന്‍ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: Bhavana Studios

റോഷന്റെ മൈസൂര്‍ പാക്ക് കോമഡിയ്ക്കും ബസ് സീനിനും തിയേറ്റര്‍ സീനിനും എല്ലാം അഭിനന്ദനമറിയിച്ചുകൊണ്ട് ഒട്ടനവധി പേര്‍ രംഗത്തെത്തിയിരുന്നു. ആവേശം ഫെയിം എന്ന രീതിയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ റോഷന്റെ കയ്യില്‍ ഇത്രയും കോമഡി ചെയ്യാനുള്ള കഴിവുണ്ടായിരുന്നോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിലെ പ്രകടനം. ആന്‍ ആക്ടര്‍ ഓണ്‍ റൈസ് എന്ന തരത്തില്‍ ഉള്ള പ്രേക്ഷക പ്രതികരണങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ അടക്കം റോഷന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Roshan Shanavas talks about the college comedy scene in Bethlehem Kudumba Unit

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more