| Friday, 2nd October 2026, 1:47 pm

ആഷ്‌ലിയെ കാണുന്നതുവരെ കണ്ട പെൺകുട്ടികളെയെല്ലാം പ്രപ്പോസ് ചെയ്തുനടന്ന ആളായിരുന്നു ഞാൻ; റോഷൻ ഷാനവാസ്

അജ്മല്‍ കെ

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ഗ്ലിക്സൺ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് നടൻ റോഷൻ ഷാനവാസ്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇതിനോടകം 320 കോടിയോളം കളക്ഷൻ നേടിക്കൊണ്ട് ഇപ്പോൾ ഒ.ടി.ടി യിലും മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുകയാണ്. ചിത്രത്തിലെ റോഷന്റെ കഥാപാത്രമായ ഗ്ലിക്സൺ വൻ പ്രേക്ഷക സ്വീകരണം ലഭിച്ചിരുന്നു.

നാട്ടിലെ ക്രിക്കറ്റിംഗിലും കാറ്ററിംഗ് പരിപാടികളിലുമൊക്കെ സജീവമായി നടക്കുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനാണ് ഗ്ലിക്സൺ. ജസ്റ്റിന്റെയും ആഷ്‌ലിയുടെയും പ്രണയത്തിനിടയിലേക്ക്, അവരുടെ ബന്ധത്തെക്കുറിച്ച് അറിയാതെ കടന്നുവരുന്ന കഥാപാത്രമായ ഗ്ലിക്സണെയാണ് റോഷൻ അവതരിപ്പിച്ചത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube

ഇപ്പോഴിതാ ഗ്ലിക്സണെക്കുറിച്ച് സംവിധായകൻ നൽകിയ ബ്രീഫും അത്തരത്തിലായിരുന്നുവെന്ന് റോഷൻ പറയുന്നു. ആഷ്‌ലിയെ കാണുന്നതുവരെ കാണുന്ന പെൺകുട്ടികളെയെല്ലാം പ്രപ്പോസ് ചെയ്ത് നടക്കുന്ന സ്വഭാവക്കാരനായിരുന്നു ഗ്ലിക്സൺ. എന്നാൽ ആഷ്‌ലിയെ കണ്ടതോടെ അവന് തോന്നിയത് മറ്റൊരു തരത്തിലുള്ള പ്രണയമായിരുന്നുവെന്നും റോഷൻ പറഞ്ഞു.

‘ക്രിക്കറ്റിംഗും കാറ്ററിംഗ് പരിപാടിയുമൊക്കെയായി നാട്ടിൽ സജീവമായി നടക്കുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനാണ് ഗ്ലിക്സൺ . ജസ്റ്റിന്റെയും ആഷ്‌ലിയുടെയും ഇടയിലേക്ക്, അവരുടെ പ്രണയം അറിയാതെ ഇടിച്ചുകയറിച്ചെല്ലുന്ന കഥാപാത്രം അതായിരുന്നു എനിക്ക് ലഭിച്ച ബ്രീഫ്. ആഷ്‌ലിയെ കാണുന്നതുവരെ കാണുന്ന പെൺകുട്ടികളെയെല്ലാം പ്രപ്പോസ് ചെയ്ത് നടക്കുന്ന ആളായിരുന്നു. പക്ഷേ ആഷ്‌ലിയോട് അവന് തോന്നിയത് തികച്ചും ‘ ട്രൂ ലൗവ്’ ആയിരുന്നു. സ്ക്രിപ്റ്റിലുള്ളതിന് പുറമെ കുറച്ചൊക്കെ കയ്യിൽ നിന്നിടാനുള്ള സ്വാതന്ത്ര്യവും സെറ്റിൽ സംവിധായകൻ തന്നിരുന്നു,’ റോഷൻ പറഞ്ഞു.

ചിത്രത്തിലെ ഗ്ലിക്സന്റെ പല ഡയലോഗുകളും ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ അക്കൂട്ടത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘ഇന്താ മാതിരി പസുങ്കളെ പാത്താ പിടിക്കാത്, പാക്ക പാക്കതാം പുടിക്കും’ എന്ന ഡയലോഗാണ്. അതിന് പിന്നിലെ കാരണവും താരം പങ്കുവെച്ചു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb

‘എന്നെപ്പോലെയുള്ള ഒരു തുടക്കക്കാരനായ അഭിനേതാവിനെ പ്രേക്ഷകർക്ക് ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ കണ്ടുകണ്ട് അവർ എന്നെ നെഞ്ചിലേറ്റുന്ന ഒരു കാലം വരുമെന്ന വലിയൊരു പ്രതീക്ഷ എനിക്കുണ്ട്. ആ വരികൾ എന്നെത്തന്നെ ഓർമ്മിപ്പിക്കുന്നതുപോലെ തോന്നി. അതുകൊണ്ടാണ് ആ ഡയലോഗ് എന്റെ പേഴ്സണൽ ഫേവറിറ്റായത്,’ താരം വ്യക്തമാക്കി.

Content Highlight: Roshan Shanavas opens up about his character in ‘Bethlehem Kudumba Unit’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more