| Sunday, 28th June 2026, 4:25 pm

ഒ.ടി.ടി സ്റ്റാർ എന്ന് വിളിക്കുന്നതിൽ വിഷമമുണ്ട്: റോഷൻ മാത്യു

നന്ദന. ടി

മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവതാരമാണ് റോഷൻ മാത്യു. 2015-ൽ അഭിനയരംഗത്തെത്തിയ താരം ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ‘കൂടെ’, ‘മൂത്തോൻ’, ‘കപ്പേള’, ‘സി യു സൂൺ’, ‘കുരുതി’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച റോഷൻ ഇന്ന് മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലും സജീവ സാന്നിധ്യമാണ്.

റോഷൻ മാത്യു.photo.X

മുമ്പ് തന്നെ ‘ഒ.ടി.ടി സ്റ്റാർ’ എന്ന് വിശേഷിപ്പിക്കുന്നതിൽ വിഷമമുണ്ടെന്ന് തുറന്നു പറഞ്ഞിരുന്ന റോഷൻ മാത്യു, തന്റെ പല സിനിമകളും തിയേറ്ററുകളേക്കാൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് കൂടുതൽ ശ്രദ്ധ നേടിയതെന്നും ചിലപ്പോൾ അതു വിഷമം ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയുകയാണ്. റിപ്പോർട്ടേഴ്‌സ് ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

‘തിയേറ്ററുകളെക്കാൾ എന്റെ സിനിമകൾ കൂടുതൽ സ്വീകരിക്കപ്പെടുന്നത് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് എന്നത് ചിലപ്പോഴൊക്കെ വിഷമം തോന്നിയിട്ടുണ്ട്. ഒ.ടി.ടിയിൽ സിനിമ കണ്ടിട്ട് ഒരുപാട് പേർ ഇഷ്ടപ്പെട്ടെന്ന് പറയുമ്പോൾ, പിന്നെ എന്തുകൊണ്ട് അത് തിയേറ്ററിൽ കാണാൻ വന്നില്ല എന്നൊരു ചോദ്യം മനസ്സിൽ വരും. പക്ഷേ അത് ഞാൻ ആരോടും ചോദിക്കാറില്ല.

തിയേറ്ററിൽ പോയി സിനിമ കാണുന്നതിന്റെ മാജിക് അനുഭവിച്ചാണ് നമ്മളൊക്കെ വളർന്നത്. അതുകൊണ്ട് സ്വാഭാവികമായും ഒരു നഷ്ടബോധം തോന്നും. നല്ല സിനിമ ആയിരുന്നാലോ പിന്നെ എന്തുകൊണ്ട് വേണ്ട രീതിയിൽ സ്വീകരിക്കപ്പെട്ടില്ല എന്നൊക്കെ ചിന്തിക്കാറുണ്ടായിരുന്നു. മുമ്പ് അതോർത്ത് വിഷമിച്ചിട്ടുമുണ്ട്. പക്ഷേ ഇപ്പോൾ അതൊക്കെ വിട്ട് മുന്നോട്ടുപോകാൻ പഠിച്ചു. കാരണം ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു യാത്രയുണ്ട്. ഇന്ന് അല്ലെങ്കിൽ നാളെ ആ സിനിമയ്ക്ക് അതിന്റെ പ്രേക്ഷകരെ കിട്ടും. നമ്മൾ ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ അത് എവിടെയും മാഞ്ഞുപോകുന്നില്ല.

നമ്മൾ പോലും കാണാതെ പോയ എത്രയോ ക്ലാസിക് സിനിമകൾ പിന്നീട് തേടിപ്പിടിച്ച് കാണുന്നില്ലേ. അപ്പോൾ ഒരു സിനിമ കാണാതെ പോയിട്ടുണ്ടെങ്കിൽ അത് പ്രേക്ഷകരുടെ നഷ്ടം കൂടിയാണ്. പിന്നെ ഒരു സിനിമയുടെ വിജയത്തിനും പരാജയത്തിനും പിന്നിൽ ഒരുപാട് ഘടകങ്ങളുണ്ട്. ഏത് സമയത്താണ് സിനിമ റിലീസ് ചെയ്യുന്നത്, എങ്ങനെയാണ് അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്, എത്രത്തോളം ആകർഷകമായി അവതരിപ്പിക്കാൻ കഴിയുന്നു എന്നതൊക്കെ അതിൽ പ്രധാനമാണ്. സിനിമ ഒരു കൂട്ടായ ശ്രമമാണ്. അതിന്റെ വിധി ഒരാൾ മാത്രം തീരുമാനിക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മൾ നമ്മുടെ ജോലി ആത്മാർഥമായി ചെയ്യുക. ചിലപ്പോൾ സന്തോഷവും സങ്കടവും തോന്നാം, പക്ഷേ അതും സിനിമയുടെ ഭാഗമാണെന്ന് വിശ്വസിക്കേണ്ടി വരും, റോഷൻ മാത്യു പറഞ്ഞു.

സിനിമയിൽ ഒരു അഭിപ്രായം രൂപപ്പെടുത്തുന്നതിൽ പി.ആറിന് ഇന്ന് വലിയ സ്വാധീനമുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.

‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി പി.ആറിന്റെ സ്വാധീനം വളരെ വലുതായി തോന്നിയിട്ടുണ്ട്. ഒരു സിനിമയെക്കുറിച്ച് നല്ല അഭിപ്രായം ആളുകളിലേക്ക് എത്തിക്കാനും, ചിലപ്പോൾ ഇല്ലാത്ത കാര്യങ്ങൾ പോലും ഉള്ളതുപോലെ തോന്നിക്കാനും പി.ആറിന് സാധിക്കും. എല്ലാ മേഖലകളിലും പി.ആർ ശക്തമായ ഒരു സംവിധാനമാണ്. സിനിമയും അതിൽ നിന്ന് വേറിട്ടുനിൽക്കുന്നില്ല,’ റോഷൻ കൂട്ടിച്ചേർത്തു.

റോഷൻ മാത്യുവിനെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഉയിർ’ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സബ് ഇൻസ്‌പെക്ടർ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷൻ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ് , ശ്രുതി മേനോൻ , വിനോദ് സാഗർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

റോഷൻ മാത്യു.photo. screen grab/youtube

Content Highlight: Roshan Mathew talks about the succss of his movies on  OTT platforms rather than in theater

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more