| Sunday, 18th January 2026, 6:30 pm

എത്ര ഇടി കൊണ്ട് വയ്യാതെ വീട്ടില്‍ എത്തിയാലും സെറ്റിലേക്ക് വരാന്‍ തോന്നും, പക്ഷേ എളുപ്പമല്ല: റോഷന്‍ മാത്യു

ഐറിന്‍ മരിയ ആന്റണി

സിനിമാപ്രേമികള്‍ ഏവരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ചത്താ പച്ച. റെസ്‌ലിങ്ങില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ റെസ്‌ലിങ് ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും വലിയ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, വിശാഖ് നായര്‍, അര്‍ജുന്‍ അശോകന്‍ ഇഷാന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

റോഷന്‍ മാത്യു Character poster from chatha pacha movie

ഇപ്പോള്‍ ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ജനുവരി 22ന് റിലീസിനെത്തുന്ന ചത്താ പച്ചയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ റോഷന്‍ മാത്യു.

‘ഇത്ര വലിയൊരു കൊമേഴ്ഷ്യല്‍ സിനിമയുടെ ഭാഗമാകുന്നത് ഇതാദ്യമാണ്. ഈ സിനിമയില്‍ എല്ലാവരുമായിട്ടുള്ള വര്‍ക്കിങ് എക്‌സ്പീരിയന്‍സ് നല്ല രസരമായിരുന്നു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും നമുക്ക് നല്ലൊരു കണക്ഷന്‍ ഉണ്ടായിരുന്നു. മൊത്തത്തില്‍ ഒരു യങ് എനര്‍ജിയുള്ള സെറ്റായിരുന്നു ചത്താ പച്ചയുടെ സെറ്റ്.

ഞങ്ങള്‍ നാല് പേര് കൂടാതെ കാസ്റ്റില്‍ വലിയൊരു ഗ്രൂപ്പുണ്ട്. വളരെ സ്‌പെഷ്യല്‍ ഷൂട്ടിങ് എക്‌സീപീരിയന്‍സ് തന്നെ ആയിരുന്നു. എത്രയൊക്കെ ബുദ്ധിമുട്ടി ഇടി കൊണ്ട് വയ്യാതെ വീട്ടില്‍ എത്തിയാലും അടുത്ത് ദിവസം രാവിലെ സെറ്റിലേക്ക് വരാന്‍ നല്ല താത്പര്യം തോന്നും അത്തരത്തിലൊരു സെറ്റായിരുന്നു ചത്താ പച്ചയുട സെറ്റ്. ഫൈറ്റ് വളരെ ആസ്വദിച്ച് തന്നെയാണ് ചെയ്തത്. ട്രെയ്‌നിങ് കൂടെ കഴിഞ്ഞപ്പോള്‍ പടത്തിലേക്ക് ഒന്ന് ട്യൂണ്‍ഡായി. ഇതാണ് സിനിമയുടെ മേജര്‍ ഹൈലൈറ്റെന്ന് മനസിലായി,’ റോഷന്‍ പറയുന്നു.

വളരെ ആസ്വദിച്ചാണ് സിനിമ ചെയ്തതെന്നും എന്നാല്‍ ഫൈറ്റും മറ്റും ഒട്ടും എളുപ്പമായിരുന്നില്ലെന്നും റോഷന്‍ പറഞ്ഞു. തന്റെ ഫൈറ്റൊക്കെ കുറച്ച് താമസിച്ചാണ് വന്നതെന്നും എല്ലാവര്‍ക്കും തമ്മില്‍ തമ്മില്‍ ഫൈറ്റ്‌സ് ഉണ്ടായിരുന്നിവെന്നും റോഷന്‍ പറയുന്നു. ഒരോരുത്തരുടെയും ഫൈറ്റ് സീന്‍ കഴിയുമ്പോള്‍ എങ്ങനെയുണ്ടായിരുന്നുവെന്ന് താന്‍ ചോദിക്കാറുണ്ടായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് വമ്പന്മാരായ ശങ്കര്- എഹ്‌സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീതം സംവിധാനം. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.

ചിത്രത്തില്‍ ലോക്കോ ലോബോ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍, വെട്രി എന്ന കഥാപാത്രമായാണ് റോഷന്‍ മാത്യു എത്തുന്നത്. ചെറിയാന്‍ എന്ന കഥാപാത്രമായാണ് വിശാഖ് നായര്‍ എത്തുന്നത്.

Content Highlight:  Roshan Mathew talks about the movie Chatha Pacha

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more