നവാഗത സംവിധായകൻ അദ്വൈത് നായർ സംവിധാനം ചെയ്ത് തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മമ്മൂട്ടി കാമിയോയായി എത്തിയതും പ്രേക്ഷകരുടെ ആവേശം വർധിപ്പിച്ച ഒന്നായിരുന്നു
ഡബ്ല്യൂ.ഡബ്ല്യൂ.ഇ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായതിനാൽ ഷൂട്ടിങ്ങിന് മാസങ്ങൾക്ക് മുമ്പേ തന്നെ അഭിനേതാക്കൾ കഠിനമായ പരിശീലനവും തയ്യാറെടുപ്പും നടത്തിയിരുന്നു. അതേസമയം, ചിത്രത്തിലെ പല അഭിനേതാക്കളും യഥാർത്ഥ ജീവിതത്തിൽ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ആരാധകരാണെന്നതും ശ്രദ്ധേയമാണ്. പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ തങ്ങളുടെ ബാല്യകാല ഓർമ്മകൾ പങ്കുവെച്ചപ്പോഴാണ് റോഷൻ മാത്യുവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പ്രത്യേക ശ്രദ്ധ നേടിയത്.
ചത്താ പച്ച., Photo: IMDb
ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം തന്റെ ബാല്യകാല അനുഭവം പറഞ്ഞത്.
‘കുട്ടികാലത്ത് ഞങ്ങൾ ടി വി കാണുന്നത് അച്ഛന് വലിയ താല്പര്യമില്ലായിരുന്നു, പ്രത്യേകിച്ച് ഡബ്ല്യൂ.ഡബ്ല്യൂ.ഇ പുള്ളി പോകുമ്പോൾ ടി വി റൂമിലേക്ക് വയ്ക്കും, അപ്പോൾ ഞങ്ങൾ ഒളിഞ്ഞു കേറി അവിടുന്ന് കാണും, പിന്നീട് കേബിളിന്റെ അടാപ്റ്റർ ഊരി എടുത്തോണ്ട് പോകും, പിന്നീടാണ് ആ കേബിളിലെ കോപ്പർ കമ്പി ചേർത്ത് വച്ച് ടി വി യിൽ കണക്ട് ചെയ്ത് കാണുന്നതൊക്കെ പഠിച്ചത്, വൈകിട്ട് പുള്ളി വരുമ്പോൾ അടാപ്ടർ കണക്ട് ചെയ്യും,’ റോഷൻ പറഞ്ഞു.
ചത്താ പച്ച., Photo: YouTube/ Screengrab
ഈ വീഡിയോ പുറത്തുവന്നതോടെ കമന്റ് ബോക്സും നിറഞ്ഞു. പ്രത്യേകിച്ച് നയന്റീസ് കാലഘട്ടത്തിൽ വളർന്ന മലയാളികൾക്ക് ഈ അനുഭവം ഏറെ റിലേറ്റബിളായതായി കമന്റുകൾ സൂചിപ്പിക്കുന്നു. ശെടാ എല്ലാ വീട്ടിലെയും കഥ ഇതായിരുന്നോ, ഞാൻ കരുതിയത് എനിക്ക് മാത്രമാണെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്.
ചത്താ പച്ച നിർമിച്ചിരിക്കുന്നത് റീൽ വേൾഡ് എന്റർടൈൻമെൻ്റ്സാണ്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്‌മാൻ ഗ്രൂപ്പും ചേർന്നാണ് ഈ നിർമാണ കമ്പനി രൂപീകരിച്ചത്. റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിലെ തീയേറ്റർ വിതരണം ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസാണ് നിർവഹിക്കുന്നത്.