മലയാള സിനിമയിലെ കഴിവുറ്റ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് റോഷൻ മാത്യു. ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിലെ പ്രേംരാജ് എന്ന കഥാപാത്രത്തിലൂടെയാണ് റോഷൻ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ‘ആനന്ദം’ എന്ന സിനിമയിലെ റോക്‌സ്റ്റാർ ഗൗതം എന്ന വേഷത്തിലൂടെ താരം മലയാളികളുടെ പ്രിയങ്കരനായി മാറി.
തുടർന്ന് കപ്പേള, കുരുതി, ചതുരം, കൂടെ , ചത്താ പച്ച തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തന്റെ അഭിനയമികവ് തെളിയിക്കാൻ റോഷന് സാധിച്ചു. ‘റോന്ത്’ എന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലെത്തി കൈയടി നേടിയ താരം, ഇപ്പോൾ ‘ഉയിർ‘ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പോലീസ് വേഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്.
റോഷൻ മാത്യു.Photo;IBTimesIndia
ഇപ്പോൾ തന്റെ സിനിമകളെക്കുറിച്ചും കരിയറിനെക്കുറിച്ചും മനസ് തുറക്കുകയാണ് റോഷൻ മാത്യു. ‘മൈൽസ്റ്റോൺ മേക്കേഴ്സിന്’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോഷൻ.
‘എന്റെ കരിയറിൽ അങ്ങനെ ഭീകരമായ ഹിറ്റുകളൊന്നും ഉണ്ടായിട്ടുള്ള ആളല്ല ഞാൻ. അതുകൊണ്ടുതന്നെ, വലിയ പ്രതീക്ഷകളോടെ ചെയ്ത ചില പ്രോജക്ടുകൾ തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുകയും, പിന്നീട് ഒ.ടി.ടിയിൽ വരുമ്പോൾ ആളുകൾ അത് കണ്ട് ‘അയ്യോ, ഇത് നല്ല സിനിമയാണല്ലോ, ഇതെന്താ തിയേറ്ററിൽ വിജയിക്കാതിരുന്നത്?’ എന്ന് ചോദിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് എനിക്ക് കൂടുതൽ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുള്ളത്.
റോന്ത്.’ഉയിർ;Photo;IMDB
ആദ്യമൊക്കെ ഇത് കേൾക്കുമ്പോൾ വിഷമം തോന്നുമായിരുന്നു. ‘എന്നിട്ട് എന്തുകൊണ്ട് അന്ന് തിയേറ്ററിൽ പോയി കണ്ടില്ല’ എന്നൊരു മനോഭാവമായിരുന്നു എനിക്ക്. അത് പുറത്തുപറയാറില്ലായിരുന്നു എന്ന് മാത്രം. എന്നാൽ പിന്നീട് ഞാൻ തിരിച്ചറിഞ്ഞു, എല്ലാ സിനിമകൾക്കും അതിന്റേതായ ഒരു യാത്രയുണ്ട്.
ചിലപ്പോൾ കുറച്ചുകാലം കഴിഞ്ഞായിരിക്കും ആ സിനിമ അതിന്റെ യഥാർത്ഥ പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നത്. അത് നമ്മുടെ മാത്രം നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യമല്ല. സ്വാഭാവികമായും ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. ഒരു സിനിമ ഇറങ്ങുമ്പോൾ അത് കാണണമെന്ന് ഞങ്ങൾ ആളുകളോട് പറയാറുണ്ട്. പക്ഷേ, ഓരോരുത്തരും അത് എപ്പോൾ കാണണം എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. കുറച്ച് ഫിലോസഫിക്കലായി പറയുകയാണെങ്കിൽ, അത് ആ സിനിമയുടെ വിധി തന്നെയാണ്.
Content Highlight:Roshan Mathew talks about his Career in film industry