ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ‘ആനന്ദം’ മലയാള സിനിമയിലെ യുവതലമുറയുടെ പ്രിയപ്പെട്ട ക്യാമ്പസ് ചിത്രങ്ങളിലൊന്നാണ്. അരുൺ കുര്യൻ, റോഷൻ മാത്യു, തോമസ് മാത്യു, അനാർക്കലി മരിക്കാർ, വിശാഖ് നായർ, സിദ്ധി മഹാജൻ തുടങ്ങി പുതുമുഖ താരനിരയെ അണിനിരത്തിയ ചിത്രം നിരവധി അഭിനേതാക്കളുടെ കരിയറിന് വഴിത്തിരിവായി. ചിത്രത്തിലെ ‘ഗൗതം’ എന്ന കഥാപാത്രത്തിലൂടെ റോഷൻ മാത്യുവിനും മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറാൻ കഴിഞ്ഞു. ‘ആനന്ദം’ സിനിമയുടെ ചിത്രീകരണ സമയത്തെ ഓർമകൾ പങ്കുവെക്കുകയാണ് റോഷൻ മാത്യു. പുതിയ ചിത്രമായ ‘ഉയിർ’ന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
റോഷൻ മാത്യു.photo.X
‘എനിക്ക് ക്യാമറയോടുള്ള പേടി മാറിയത് ‘ആനന്ദം’ സിനിമയ്ക്ക് ശേഷമാണ്. അതിന് മുമ്പ് ഞാൻ രണ്ട് സിനിമകൾ ചെയ്തിരുന്നു – ‘അടി കപ്യാരെ കൂട്ടമണി’യും ‘പുതിയ നിയമ’വും. ഞാൻ നാടകത്തിൽ നിന്നാണ് വന്നത്. അതുകൊണ്ട് ക്യാമറയുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ക്യാമറ എനിക്ക് വളരെ ഇന്റിമിഡേറ്റിങ് ആയ ഒരു ഒബ്ജക്ട് ആയിരുന്നു. അതിന്റെ മുന്നിൽ നിന്ന് അഭിനയിക്കുക എന്നത് എന്നെ ഭയങ്കരമായി പേടിപ്പിച്ചിരുന്നു.
‘ആനന്ദം’ സിനിമയുടെ ക്രൂവും, പ്രത്യേകിച്ച് സംവിധായകൻ ഗണേഷ് രാജും ക്യാമറമാൻ ആനന്ദ് സി. ചന്ദ്രനും ചേർന്നാണ് ആ പേടി മാറ്റിത്തന്നത്. ക്യാമറയെ ഒരു ‘സംതിങ് യു കാൻ ഇഗ്നോർ’ എന്ന രീതിയിൽ കാണാൻ അവർ എന്നെ പഠിപ്പിച്ചു. ‘ആനന്ദ’ത്തിലെ പല സീനുകളും ആനന്ദേട്ടൻ ഞങ്ങൾ അറിയാതെ ഷൂട്ട് ചെയ്തിട്ടുള്ളതാണ്. അത്രയും നോൺ-ഇൻട്രൂസീവ് ആയ ക്യാമറ വർക്കായിരുന്നു അത്.
ആ ടെൻഷൻ മാറിയപ്പോൾ കൂടെയുണ്ടായിരുന്ന ക്രൂവിനൊപ്പമുള്ള യാത്രയും ഷൂട്ടിങ് അനുഭവങ്ങളും എല്ലാം നന്നായി എൻജോയ് ചെയ്യാൻ കഴിഞ്ഞു. അങ്ങനെയാണ് ഞങ്ങളുടെ അഭിനയത്തിന്റെ റിഥം കണ്ടെത്താൻ കഴിഞ്ഞത്. അല്ലായിരുന്നെങ്കിൽ അത് കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമായിരുന്നു. കാരണം ഞങ്ങൾ എല്ലാവരും തന്നെ ഫ്രഷേഴ്സായിരുന്നു. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അതാണ് ആ സിനിമയിൽ നിന്ന് കിട്ടിയ ഏറ്റവും വലിയ ടേക്ക് എവേ. അന്ന് അതിന്റെ പ്രാധാന്യം ഞങ്ങൾക്കും മനസ്സിലായിരുന്നില്ല.
‘ആനന്ദ’ത്തിന്റെ ഷൂട്ടിങ് സമയത്ത് ഒരുപാട് നല്ല ഓർമകളുണ്ട്. അതിൽ ഏറ്റവും ഓർമയിലുള്ളത് യാത്രകളാണ്. കാഞ്ഞിരപ്പള്ളിയിലെ ഷൂട്ടിങ് കഴിഞ്ഞ് രണ്ട് ബസുകളിലായിട്ടാണ് ക്രൂവും കാസ്റ്റും യാത്ര ചെയ്തിരുന്നത്. അവിടെ നിന്ന് മൈസൂരിലേക്കും പിന്നീട് ഹംപിയിലേക്കുമായിരുന്നു യാത്ര. സിനിമയിൽ കാണിക്കുന്ന അതേ ബസിലായിരുന്നു ഞങ്ങളും യാത്ര ചെയ്തത്. ബസിൽ ഇരുന്നാണ് ഡിന്നർ പ്ലാനുകളും മറ്റ് കാര്യങ്ങളും തീരുമാനിക്കാറുണ്ടായിരുന്നത്.
ഒരു ദിവസം ഹംപിയിലേക്ക് രാത്രിയിൽ യാത്ര ചെയ്യുമ്പോൾ ഞങ്ങൾക്ക് ഭക്ഷണം കിട്ടിയില്ല. അപ്പോൾ ഞങ്ങളുടെ പുറകിൽ വന്നിരുന്ന ക്രൂവിന്റെ ബസിലുള്ള കുറച്ചുപേർ എന്തെങ്കിലും ഭക്ഷണം കിട്ടുമോയെന്ന് നോക്കാൻ ഒരു കാറിൽ മുന്നിൽ പോയി. അവർ ഒരു ധാബ കണ്ടെത്തി. പക്ഷേ അവിടെ ഇത്രയും ആളുകൾക്ക് ഭക്ഷണം ഒരുക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഒടുവിൽ ക്രൂവിലെ എല്ലാവരും ചേർന്ന് അവിടെയുണ്ടായിരുന്ന സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു. ഞങ്ങളുടെ ബസ് അവിടെ എത്തുമ്പോഴേക്കും എല്ലാം റെഡിയായിരുന്നു. പിന്നീട് അവിടെ ഒരു ചെറിയ ക്യാമ്പ് ഫയറും ഒരുക്കി. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച ആ രാത്രി ശരിക്കും ഒരു ബോണ്ടിങ് സെഷൻ പോലെയുള്ള അനുഭവമായിരുന്നു,’ റോഷൻ മാത്യു പറഞ്ഞു.
ആനന്ദം.photo.Nowrunning