| Monday, 7th July 2025, 9:51 pm

ആണും പെണ്ണും തമ്മിലുള്ള പ്രണയം പോലെ തന്നെയാണ് രണ്ട് ആണുങ്ങള്‍ തമ്മിലുള്ള പ്രണയമെന്ന് ആ സിനിമകള്‍ കണ്ടപ്പോള്‍ എനിക്ക് മനസിലായി: റോഷന്‍ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് റോഷന്‍ മാത്യു. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെയാണ് റോഷന്‍ ശ്രദ്ധേയനായത്. പിന്നീട് വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തില്‍ തന്റേതായ സ്ഥാനം നേടാന്‍ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയമായ വേഷങ്ങള്‍ റോഷന്‍ കൈകാര്യം ചെയ്തു.

താരത്തിന്റെ കരിയറില്‍ ഒരുപാട് പ്രശംസകളേറ്റുവാങ്ങിയ ചിത്രമാണ് മൂത്തോന്‍. നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അമീര്‍ എന്ന കഥാപാത്രത്തെയാണ് റോഷന്‍ അവതരിപ്പിച്ചത്. നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച മൂത്തോന് വേണ്ടി നടത്തിയ തയാറെടുപ്പുകള്‍ വിവരിക്കുകയാണ് റോഷന്‍ മാത്യു.

ഗീതു മോഹന്‍ദാസ് കഥ പറഞ്ഞപ്പോള്‍ തന്നെ അതൊരു ഗേ ലവ് സ്‌റ്റോറിയാണെന്ന് വ്യക്തമാക്കിയിരുന്നെന്നും അതിനായി ഒരുപാട് തയാറെടുപ്പുകള്‍ വേണ്ടി വരുമെന്ന് മനസിലായെന്നും താരം പറഞ്ഞു. വീട്ടിലെത്തിയ താന്‍ ഗേ ലവ് സ്റ്റോറിയെക്കുറിച്ചുള്ള കുറച്ച് സിനിമകള്‍ കണ്ടെന്നും എന്തെല്ലാം വ്യത്യാസമുണ്ടെന്ന് നോട്ട് ചെയ്യാന്‍ ഒരു ബുക്കും കൈയില്‍ പിടിച്ചാണ് സിനിമകള്‍ കണ്ടതെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഗീതു എന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ ഈ ഗേ ലവ്വിനെക്കുറിച്ച് മെന്‍ഷന്‍ ചെയ്തു. അതിന് വേണ്ടി എന്തെല്ലാം തയാറെടുപ്പുകള്‍ നടത്താമെന്നായിരുന്നു എന്റെ ചിന്ത. വീട്ടിലെത്തിയിട്ട് ഞാന്‍ ഗേ ലവ് സ്റ്റോറിയെക്കുറിച്ച് പറയുന്ന കുറച്ച് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് കണ്ടു. കൈയില്‍ ഒരു നോട്ട്ബുക്കും വെച്ചിട്ടാണ് ആ പടങ്ങള്‍ കണ്ടത്.

നമ്മള്‍ ഇതുവരെ ചെയ്ത ലവ് സ്റ്റോറിയില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഈ സിനിമയിലുള്ളതെന്ന് നോട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നു ബുക്കുമായി ഇരുന്നത്. പക്ഷേ, ആ സിനിമകളിലൊന്നും ഒരു വ്യത്യാസവും എനിക്ക് തോന്നിയില്ല. ആണും പെണ്ണും തമ്മിലുള്ള പ്രണയം എങ്ങനെയാണോ അതുപോലെ തന്നെയാണ് ആണും ആണും തമ്മിലുള്ള പ്രണയമെന്ന് ആ സമയത്ത് എനിക്ക് മനസിലായി.

പ്രണയിക്കുമ്പോഴുണ്ടാകുന്ന ഇമോഷനുകളെല്ലാം ഒന്നാണ്. അതില്‍ മാറ്റമൊന്നുമില്ല. ഈ കാര്യം കറക്ടായിട്ട് ഓഡിയന്‍സിന്റെ ഇടയിലേക്ക് കണ്‍വേ ചെയ്യുക എന്നത് മാത്രമായിരുന്നു ആ സമയത്ത് മുന്നിലുണ്ടായിരുന്ന ചലഞ്ച്. കാരണം, അത് വര്‍ക്കായില്ലെങ്കില്‍ നമ്മള്‍ ചെയ്യുന്നതിലൊന്നും ഒരു കാര്യവുമില്ലെന്ന് പലരും പറയും. സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്,’ റോഷന്‍ മാത്യു പറഞ്ഞു.

Content Highlight: Roshan Mathew about the preparations he took for Moothon movie

We use cookies to give you the best possible experience. Learn more