ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളവും തമിഴും കടന്ന് ബോളിവുഡില്‍ വരെ തന്റെ സ്ഥാനം നേടിയ താരമാണ് റോഷന്‍ മാത്യു. വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ റോഷന് സാധിച്ചു. ബോളിവുഡിലെ തന്റെ സുഹൃത്തുക്കളിലൊരാളായ ജാന്‍വി കപൂറിനെക്കുറിച്ച് സംസാരിക്കുകയാണ് റോഷന്‍ മാത്യു.
റോഷന്‍ മാത്യു Photo: Screen grab/ Club FM
എപ്പോള്‍ കണ്ടാലും ഒരുപാട് സംസാരിക്കുന്നയാളാണ് ജാന്‍വിയെന്ന് റോഷന്‍ പറഞ്ഞു. മലയാളത്തില്‍ നിന്നുള്ള നടനെന്ന നിലയില്‍ ജാന്‍വിക്ക് തന്നോട് പ്രത്യേക പരിഗണനയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമകള്‍ ഒരുപാട് കാണുന്നയാളാണ് ജാന്‍വിയെന്നും തന്നോട് സിനിമകളെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും റോഷന്‍ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു റോഷന്‍ മാത്യു.
‘വളരെ ഡെഡിക്കേറ്റഡും ഹാര്‍ഡ്‌വര്‍ക്കിങ്ങുമായ വ്യക്തിയാണ് ജാന്‍വി. ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. മലയാളത്തിനോടും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് പോകുന്ന ആര്‍ട്ടിസ്റ്റുകളോടും വളരെ ബഹുമാനമാണ് അവര്‍ക്ക്. എല്ലാ സിനിമകളും കാണുകയും അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്. വേറെ ലെവലെന്നാണ് മലയാളസിനിമയെക്കുറിച്ച് ജാന്‍വി പറയാറുള്ളത്. നമ്മുടെ വര്‍ക്കൊക്കെ ജാന്‍വി എപ്പോഴും ഫോളോ ചെയ്യും.
പരം സുന്ദരിയില്‍ മലയാളം സ്‌റ്റൈല്‍ പിടിക്കാന്‍ നോക്കിയപ്പോള്‍ ചെറുതായിട്ട് പാളിപ്പോയി. പരം സുന്ദരി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ആ പടത്തിന്റെ ഷൂട്ടിനിടയില്‍ ഞങ്ങള്‍ മീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അപ്പോള്‍ ആ പടത്തിനെക്കുറിച്ച് എന്നോട് സംസാരിച്ചു. ഡയലോഗുകള്‍ പഠിപ്പിക്കാന്‍ ഒരു സ്‌പെഷ്യല്‍ കോച്ചൊക്കെയുണ്ടെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. നല്ല മലയാളമായിരിക്കുമെന്ന് അപ്പോള്‍ ഞാന്‍ വിചാരിച്ചു. പക്ഷേ, എഴുതിവെച്ച ഡയലോഗല്ലേ അവര്‍ക്ക് പറയാനാകുള്ളൂ. അവിടെയാണ് പ്രശ്‌നമെന്ന് എനിക്ക് തോന്നുന്നു,’ റോഷന്‍ മാത്യു പറഞ്ഞു.
അവസാന മിനിറ്റില്‍ സിനിമയിലേക്ക് എത്തുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് സ്‌ക്രിപ്റ്റില്‍ ഒന്നും ചെയ്യാനാകില്ലെന്നും റോഷന്‍ പറയുന്നു. അവിടുത്തെ ഓഡിയന്‍സിനെ ഇതൊക്കെ മതിയാകുമെന്ന ചിന്തയായിരിക്കുമെന്നും മലയാളത്തിലെ പല വാക്കുകളും എങ്ങനെയാണെന്ന് പോലും അന്നാട്ടിലെ പലര്‍ക്കും അറിയില്ലെന്നും താരം പറഞ്ഞു.
സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാര്‍ ജെലോട്ട സംവിധാനം ചെയ്ത ചിത്രമാണ് പരം സുന്ദരി. ട്രെയ്‌ലര്‍ റിലീസായതു മുതല്‍ ചിത്രത്തിലെ മലയാളം ഡയലോഗുകള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. ഒ.ടി.ടി റിലീസിന് ശേഷവും പരം സുന്ദരിയെ ട്രോള്‍ പേജുകള്‍ വെറുതേ വിട്ടിരുന്നില്ല.
Content Highlight: Roshan Mathew about Jhanvi Kapoor and Param Sundari movie