| Saturday, 6th June 2026, 7:34 am

അവരുടെ മുഖഭാവം കണ്ട ഞാൻ ശരിക്കും ഞെട്ടി! കൈപ്പാങ്ങിനു കിട്ടിയുന്നെങ്കിൽ ഉറപ്പായും അവരെന്നെ തല്ലിയേനെ: റോഷൻ ബഷീർ

നന്ദന എം.സി

മലയാള സിനിമയിൽ അധികം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഒരൊറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് റോഷൻ ബഷീർ. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ചെത്തിച്ച സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിലെ വരുൺ പ്രഭാകർ എന്ന കഥാപാത്രം റോഷന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ആ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്.

ദൃശ്യം തന്റെ ജീവിതത്തിലും കരിയറിലും ഉണ്ടാക്കിയ വലിയ മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ചിത്രം റിലീസ് ചെയ്ത സമയത്ത് പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളും റോഷൻ പങ്കുവെച്ചു.

വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം ആളുകൾ തന്നോട് കാണിച്ച സമീപനം പലപ്പോഴും കൗതുകകരമായിരുന്നുവെന്നാണ് താരം പറയുന്നത്. തന്നെ കാണുമ്പോൾ ആളുകൾക്ക് തീരെ ഇഷ്ടപ്പെടാത്ത വ്യക്തിയെന്ന നിലയിലായിരുന്നു പലരും സമീപിച്ചിരുന്നതെന്നും എല്ലാവരും തന്നെ ഒരു ക്രൂരനെ പോലെയായിരുന്നു നോക്കിയിരുന്നതെന്നും റോഷൻ ഓർത്തെടുത്തു.

ദൃശ്യം , Photo: YouTube/Screengrab

‘ദൃശ്യത്തിന്റെ ഷൂട്ടിങ്ങും റിലീസ് കാലഘട്ടവും ഓർമയിലെ ഏറ്റവും സുന്ദരമായ ദിനങ്ങളാണ്. ദൃശ്യം സിനിമയിൽ ചെറിയ പ്രായത്തിലുള്ള ഞങ്ങൾ കുറച്ച് പേരുണ്ടായിരുന്നല്ലോ.

ഞാൻ, അൻസിബ, നീരജ് മാധവ്, ജോർജുകുട്ടിയുടെ അളിയനായി വേഷമിട്ട അനീഷ്, എസ്തർ. ഞങ്ങൾ അഞ്ചുപേരും കൂടി ഒന്നിച്ച് ഒരു വാഹനത്തിൽ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ മിക്ക പ്രമുഖ തിയറ്ററുകളും സന്ദർശിച്ചു സിനിമ കാണുകയും ആളുകളുടെ പ്രതികരണം നേരിട്ടറിയുകയും ചെയ്തിരുന്നു,’ റോഷൻ പറഞ്ഞു.

തിയറ്റർ സന്ദർശനത്തിനിടെയുണ്ടായ ഒരു അനുഭവവും താരം പങ്കുവെച്ചു. ‘കൊച്ചി കവിത തിയറ്ററിൽ എത്തിയ ദിവസം ഞാൻ മറക്കില്ല. ലൈറ്റുകൾ അണച്ച ശേഷമാണ് ഞങ്ങൾ തിയറ്ററിനുള്ളിലേക്ക് കയറിയത്.

ദൃശ്യം , Photo: YouTube/Screengrab

ആളുകൾ ശ്രദ്ധിക്കാതിരിക്കാൻ. ഞങ്ങളിരുന്ന സ്ഥലത്തിനടുത്ത് മിക്കവാറും സീറ്റുകളിലും അമ്മമാരായിരുന്നു. ഇന്റർവെൽ പഞ്ചായിട്ടാണല്ലോ വരുൺ പ്രഭാകറിന്റെ മരണവും അവനെ മീനച്ചേച്ചിയും മക്കളും കൂടി കുഴിച്ചിടുന്ന രംഗവും.

ഇന്റർവെല്ലിന് ലൈറ്റ് ഓണായപ്പോൾ 60 വയസൊക്കെ തോന്നുന്ന ഒരമ്മച്ചി എന്നെ ശ്രദ്ധിച്ചു. അവരുടെ മുഖഭാവം കണ്ട ഞാൻ ശരിക്കും ഞെട്ടി. കൈപ്പാങ്ങിന് കിട്ടിയിരുന്നെങ്കിൽ ഉറപ്പായും അവരെന്നെ തല്ലിയേനെ,’ റോഷൻ ബഷീർ പറഞ്ഞു.

വില്ലൻ കഥാപാത്രമായിരുന്നുവെങ്കിലും വരുൺ പ്രഭാകർ എന്ന കഥാപാത്രം റോഷൻ ബഷീറിന് വലിയ ജനപ്രീതിയും ശ്രദ്ധയും നേടിക്കൊടുത്ത കഥാപാത്രമായി മാറുകയായിരുന്നു.

Content Highlight: Roshan Basheer talks about the audience’s attitude towards him after the movie Drishyam

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more