| Wednesday, 8th July 2026, 8:53 am

ഓരോ ഓഗസ്റ്റ് 2-നും മെസേജുകൾ വരും, ദൃശ്യം 4 വന്നാലും വീണ്ടും ചർച്ചയാകുക ആ കഥാപാത്രം: റോഷൻ ബഷീർ

നന്ദന. ടി

ദൃശ്യം’ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് റോഷൻ ബഷീർ. സിനിമയുടെ കഥാഗതിയെ നിർണായകമായി മാറ്റിമറിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു നടൻ അവതരിപ്പിച്ച വരുൺ പ്രഭാകർ. കഥാപാത്രം മരിച്ചിട്ടും, സിനിമയുടെ വിജയത്തിനൊപ്പം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്ന ആ വേഷത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് റോഷൻ ബഷീർ. ജിഫ്ലിക്സ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

റോഷൻ ബഷീർ.photo.screen grab/youtube

‘ദൃശ്യത്തിലെ ഞാൻ ചെയ്ത വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിലേക്ക് എന്നെ തെരഞ്ഞെടുക്കുന്ന സമയത്ത് എനിക്ക് എന്റെ കഥാപാത്രത്തെക്കുറിച്ചും, ലാലേട്ടനാണ് ഈ സിനിമയിലെ നായകൻ എന്നും ഒക്കെ മാത്രമേ അറിയുമായിരുന്നുള്ളൂ. എങ്ങനെയാണ് എന്റെ കഥാപാത്രം സിനിമയെ സ്വാധീനിക്കുന്നത് എന്ന് സിനിമ കണ്ടതിനു ശേഷമാണ് എനിക്ക് മനസിലായത്. പിന്നീട് ആ കഥാപാത്രം ദൃശ്യം സിനിമയോളം തന്നെ വളർന്നു എന്ന് പറയാം. കാരണം ദൃശ്യം ആഘോഷിക്കപ്പെടുന്നതുപോലെ ഈ കഥാപാത്രവും ആഘോഷിക്കപ്പെടാറുണ്ട്. എല്ലാ വർഷവും ഓഗസ്റ്റ് 2-ാം തീയതി രാവിലെ പത്ത് മണിക്ക് കൃത്യമായി എനിക്ക് മെസ്സേജുകൾ വരാറുണ്ട്. തീർച്ചയായും എന്നെ സംബന്ധിച്ച് ഇതൊരു ടേണിങ് പോയിന്റ് ആയിരുന്നു. എന്റെ പ്രായത്തിലുള്ള ഒരുപാട് നടന്മാർ പലതരം കഥാപാത്രങ്ങൾ ചെയ്തുപോയിട്ടുണ്ടാകാം, എന്നാൽ ഇത്രയും ഓർത്തിരിക്കുന്ന, ഒരു ബെഞ്ച് മാർക്ക് ഉണ്ടാക്കിയ സിനിമയിലെ കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്.

പിന്നീട് സിനിമയുടെ സീക്വലുകൾ ഇറങ്ങുമ്പോഴും ഞാൻ അതിൽ അദൃശ്യനായി മാത്രമേ ഉള്ളൂ. പേര് കൊണ്ടും സ്ക്രിപ്റ്റ് കൊണ്ടും മാത്രമേ ഞാൻ അതിൽ ഉള്ളൂ എങ്കിലും, സിനിമ വിജയിക്കുന്നതിനോടൊപ്പം തന്നെ ആ കഥാപാത്രവും വളരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ‘ദൃശ്യം 2’ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒരുപക്ഷേ എന്റെ കഥാപാത്രം അതിൽ ഉണ്ടാവുമോ എന്ന് ജീത്തു ജോസഫിനേക്കാളും കൂടുതൽ ആളുകൾ എന്നോടായിരിക്കും ചോദിച്ചിട്ടുണ്ടാകുക. ഞാൻ അതിൽ തിരിച്ചു വരുമോ എന്നൊക്കെ ആർക്കും പ്രവചിക്കാൻ പറ്റില്ലായിരുന്നു. കാരണം ആ കഥാപാത്രം മരിച്ചുപോയതാണ്. പിന്നെ സിനിമയുടെ സീക്വൻസ് വരുമ്പോൾ അതിൽ എങ്ങനെയാണ് ആ കഥാപാത്രത്തെ എക്സിക്യൂട്ട് ചെയ്യുക എന്നത് സംവിധായകന് മാത്രം അറിയാവുന്ന കാര്യമാണ്. അപ്പോൾ ആളുകൾ അങ്ങനെ ചോദിക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ആ ക്യാരക്ടർ നൽകിയ ഇമ്പാക്ട് കൊണ്ടാണല്ലോ ആളുകൾ അങ്ങനെ ചോദിക്കുന്നതെന്ന്.

‘ദൃശ്യം 4′ എന്തായാലും ഉണ്ടാവും, അപ്പോഴും വീണ്ടും ചർച്ചയാവാൻ പോകുന്ന കഥാപാത്രം എന്റേത് തന്നെയായിരിക്കും. ഇതിന്റെയെല്ലാം മാസ്റ്റർ ബ്രെയിനായ ജീത്തു സാർ അത് എങ്ങനെയായിരിക്കും എക്സിക്യൂട്ട് ചെയ്യുക എന്ന് നമുക്ക് കാത്തിരുന്ന് കാണാം’, റോഷൻ ബഷീർ പറഞ്ഞു.

ദൃശ്യം 1.റോഷൻ ബഷീർ.photo.IMDb

Content Highlight: Roshan Basheer talks about his character in drishyam movie
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more