| Sunday, 17th May 2026, 7:58 am

ദൃശ്യം 3 മിസ് ചെയ്യുന്നില്ല, എന്നെ ചുറ്റിപറ്റി ഒരു സിനിമ എന്ന് പറയുന്നത് തന്നെ സന്തോഷം: റോഷൻ ബഷീർ

നന്ദന എം.സി

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളും പോലെ തന്നെ മൂന്നാം ഭാഗവും അനൗൺസ്മെന്റ് മുതൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും പ്രേക്ഷകർ ഇപ്പോഴും സംസാരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഓർമിക്കപെടുന്ന കഥാപാത്രങ്ങളിലൊന്നാണ് വരുൺ പ്രഭാകർ.

ദൃശ്യം3, Photo: IMDb

വളരെ കുറച്ച് സീനുകളിൽ മാത്രമാണ് എത്തിയതെങ്കിലും മുഴുവൻ കഥയും മുന്നോട്ട് കൊണ്ടുപോയ കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ റോഷൻ ബഷീർ ഇപ്പോൾ ദൃശ്യം 3യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിൽ ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ വലിയ വഴിത്തിരിവ് സൃഷ്ടിച്ചതായിരുന്നു വരുൺ പ്രഭാകറിന്റെ മരണം.

അതിന് ശേഷം മൃതദേഹം മറച്ചു വെക്കാൻ ശ്രമിക്കുന്ന ജോർജ് കുട്ടിയും കുടുംബവും, മകനെ കാണാതായതിന്റെ സത്യം തേടി നടക്കുന്ന വരുണിന്റെ കുടുംബവും ചേർന്നാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോയത്.

പിന്നീട് പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിലും വരുൺ നേരിട്ട് പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ആ കഥാപാത്രത്തിന്റെ സാന്നിധ്യം കഥയിൽ ശക്തമായി നിലനിന്നിരുന്നു. ഇപ്പോൾ മൂന്നാം ഭാഗവും എത്തുമ്പോൾ പ്രേക്ഷകർ വീണ്ടും വരുൺ പ്രഭാകറിനെ ഓർക്കുകയാണ്.

ദൃശ്യം, Photo: IMDb

ഇതിനിടെയാണ് ദൃശ്യം 3 ഇറങ്ങുമ്പോൾ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് റോഷൻ ബഷീർ നൽകിയ മറുപടി വൈറലാകുന്നത്. ‘ദൃശ്യം മിസ് ചെയ്യുന്നൊന്നുമില്ല. നമ്മുടെ ബേസിൽ ഒരു സിനിമ വരുന്നു എന്ന് പറയുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്.

അതും ലാലേട്ടനെ പോലെ ഒരു വലിയ നടനൊപ്പം ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞത് വലിയ സന്തോഷമാണ്. മെയ് 21ന് ചിത്രം റിലീസ് ചെയ്യും. എന്തായാലും നല്ലൊരു സിനിമയായിരിക്കും,’ എന്നാണ് റോഷൻ ബഷീർ പറഞ്ഞത്.

സംവിധായകൻ ജീത്തു ജോസഫ് വീണ്ടും അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ആദ്യ രണ്ട് ഭാഗങ്ങളും നേടിയ വൻ വിജയത്തിന് പിന്നാലെ എത്തുന്ന മൂന്നാം ഭാഗം പ്രേക്ഷകർക്ക് മറ്റൊരു ത്രില്ലർ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മെയ് 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Roshan basheer talk about the movie Drishyam 3

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more