| Sunday, 10th August 2025, 2:30 pm

ആ സമയത്ത് എന്നെ തേടിയെത്തുന്ന 10 കോളുകളില്‍ ഒന്ന് മഞ്ജു വാര്യരുടേത്: റോഷന്‍ ആന്‍ഡ്രൂസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ വര്‍ഷത്തെ കരിയര്‍ ബ്രേക്കിന് ശേഷം മഞ്ജു വാര്യര്‍ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു. റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.

റോഷന്‍ സംവിധാനം ചെയ്ത പ്രതി പൂവന്‍ കോഴി എന്ന സിനിമയിലും നായികയായത് മഞ്ജു ആയിരുന്നു. ഈ ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് വില്ലനായി അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍.

സംവിധായകനെന്ന നിലയില്‍ മഞ്ജു വാര്യര്‍ ഉള്ള കാലത്താണ് ജീവിക്കുന്നതെന്ന് പറയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ന് മഞ്ജു തന്റെ അടുത്ത സുഹൃത്താണെന്നും ചില പ്രത്യേക സാഹചര്യങ്ങളില്‍ തന്നെ തേടിയെത്തുന്ന 10 ഫോണ്‍ കോളുകളില്‍ ഒന്ന് മഞ്ജുവിന്റേതായിരിക്കുമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

സംവിധായകര്‍ കഥാപാത്രത്തിന്റെ ജീവിതാന്തരീക്ഷം അഭിനേതാക്കളെ കാണിക്കാന്‍ ഒരു ലോകം സൃഷ്ടിച്ചു കൊടുക്കാറുണ്ടെന്നും ആ ധാരണയില്‍ നിന്ന് കഴിവുറ്റ കലാകാരന്മാര്‍ ലെയര്‍ ഓഫ് ആക്ടിങ് നമുക്ക് തിരിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു.

സംഭാഷണത്തിന് അപ്പുറത്തെ നിശബ്ദതയില്‍ നിന്ന് പ്രതിഭകള്‍ സാഹചര്യം ഉള്‍ക്കൊണ്ട് ബുദ്ധിപൂര്‍വം സൃഷ്ടിക്കുന്ന അഭിനയമാണതെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. ഹൗ ഓള്‍ഡ് ആര്‍ യു, പ്രതി പൂവന്‍ കോഴി എന്നീ ചിത്രങ്ങളില്‍ മഞ്ജു വാര്യര്‍ അത്തരം ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

പ്രതി പൂവന്‍ കോഴിയില്‍ ‘എന്റെ ശരീരത്തില്‍ ആര് തൊടണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്’ എന്ന് പറയുന്ന സീനിലും ആന്റപ്പനെ ബസില്‍ തിരയുന്ന സീനിലും അത്തരം ലെയര്‍ ഓഫ് ആക്ടിങ് കാണാന്‍ സാധിക്കും. ഡയലോഗിന് ശേഷമുള്ള നിശബ്ദതയില്‍ അവര്‍ കൊടുക്കുന്ന എക്സ്പ്രഷനുണ്ട്.

പ്രതിഭകളില്‍ നിന്ന് നമുക്ക് ലഭിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് അതൊക്കെ. ചിത്രീകരണത്തിന്റെ ടെന്‍ഷനില്‍ സെറ്റില്‍ നമ്മള്‍ പല മൂഡിലായിരിക്കും. ചിലപ്പോള്‍ ദേഷ്യം വരും. ആ അവസ്ഥകള്‍ അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് മഞ്ജു മനസിലാക്കും,’ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

Content Highlight: Roshan Andrews Talks About Friendship With Manju Warrier

We use cookies to give you the best possible experience. Learn more