| Thursday, 21st November 2019, 3:40 pm

ആ കോഴി വേറെ,' പ്രതി പൂവന്‍ കോഴി' എന്ന നോവലല്ല സിനിമയാകുന്നതെന്ന് റോഷന്‍ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റിലീസ് ചെയ്യാനിരിക്കുന്ന പ്രതി പൂവന്‍ കോഴി എന്ന സിനിമ ഉണ്ണി ആറിന്റെ പ്രശസ്തമായ നോവലിനെ ആധാരമാക്കിയല്ലെന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ്. ഉണ്ണി ആര്‍ സിനിമയുടെ കഥയുമായി എത്തുകയും കഥ സിനിമ ആക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ ഉണ്ണി ആറിന്റെ പ്രതി പൂവന്‍ കോഴി എന്ന നോവലിന്റെ ടൈറ്റില്‍ താന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉണ്ണി ആറിന്റെ നോവലാണ് സിനിമയാകുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി റോഷന്‍ ആന്‍ഡ്രൂസ് എത്തിയിരിക്കുന്നത്. മറ്റു ചില പ്രൊജ്ക്ടുകളുടെ തിരക്കിലായിരുന്നതിനാല്‍ ചിത്രം മാറ്റി വെച്ചിരിക്കുകയായിരുന്നു . എന്നാല്‍ ചിത്രത്തിന്റെ കഥ ഭാര്യയോട് പറഞ്ഞപ്പോള്‍ അവര്‍ ഈ സിനിമ ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടു. തുര്‍ന്നാണ് സിനിമ ഉടന്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി.

റോഷന്‍ ആന്‍ഡ്രൂസിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം,

‘പ്രതി പൂവന്‍കോഴി എന്ന നോവലല്ല ഈ സിനിമ.വളരെ യാദൃശ്ചികമായാണ് ഞാന്‍ പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ കഥ കേള്‍ക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാര്‍സ്യ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കിടയിലാണ് ഉണ്ണി ആര്‍ എന്നോട് ഒരു കഥ പറയുന്നത് .കഥ കേട്ടപ്പോള്‍ത്തന്നെ ഞാന്‍ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്‌മെന്റ്‌സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങള്‍ പിരിഞ്ഞു.ഈ കഥ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു. അവള്‍ കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങള്‍ ഉടന്‍ ഈ പടം ചെയ്യണം. ഞാന്‍ ചോദിച്ചു ,അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്.അപ്പോള്‍ത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാന്‍ പറഞ്ഞു ,നമുക്കിത് ഉടന്‍ ചെയ്യാമെന്ന്.
പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാന്‍ ചോദിച്ചു ,ഈ ടൈറ്റില്‍ എടുക്കട്ടെ എന്ന്? പുള്ളിക്കാരന്‍ കുറച്ച് നേരം ആലോചിച്ച്,താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു ,നിര്‍ബന്ധമാണോ? നിര്‍ബ്ബന്ധമാണ് ഞാന്‍ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാന്‍ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more