സ്ഫടികം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ നടനും സംവിധായകനുമാണ് രൂപേഷ് പീതാംബരന്‍. 2012ല്‍ പുറത്തിറങ്ങിയ തീവ്രം എന്ന ചിത്രത്തിലൂടെ സംവിധാന കുപ്പായവും അണിഞ്ഞു.
പിന്നീട് 2012ല്‍ യു ടൂ ബ്രൂട്ടസ് എന്ന ചിത്രവും സംവിധാനം ചെയ്തു. ഇപ്പോള്‍ നടൻ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് രൂപേഷ്.
ശ്രീനിവാസന്‍ എത്രയും വേഗം പഴയ ആരോഗ്യത്തിലേക്ക് വരട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹമെന്നും രൂപേഷ് പറയുന്നു.
‘എന്നെ പേഴ്‌സണലി ഏറ്റവും കൂടുതല്‍ ബാധിച്ചത് ശ്രീനിയേട്ടന്റെ അവസ്ഥയാണ്. എന്റെ വലിയൊരു പ്രാര്‍ത്ഥനയാണ് മൂപ്പര് ആരോഗ്യം ശരിയാക്കി തിരിച്ചുവരണമെന്ന്. എഴുത്തുകാരില്‍ എനിക്കിഷ്ടം ആരെയാണെന്ന് ചോദിച്ചുകഴിഞ്ഞാല്‍ ആദ്യം ഞാന്‍ പറയുന്നത് ലോഹിതദാസിനെയാണ്. രണ്ടാമത്തേത് ശ്രീനിവാസന്‍ ആയിരിക്കും. മൂന്നാമത് പദ്മരാജന്‍. നമുക്ക് നമ്മുടെ സിനിമ കണ്ടിരിക്കാന്‍ പറ്റില്ലെന്നുണ്ടെങ്കില്‍ നാട്ടുകാര്‍ എങ്ങനെ കണ്ടിരിക്കും എന്നതാണ് ശ്രീനിയേട്ടന്‍ എനിക്ക് തന്ന പാഠം.
ഞാന്‍ തീവ്രത്തിന്റെ കഥ പറയാന്‍ പോയപ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ആയിരുന്നു. ശ്രീനിയേട്ടന്‍റെ അടുത്ത് കഥ കൊടുത്തു. മൂപ്പര് മൊത്തം കഥ വായിച്ചു, എന്നിട്ട് എന്നോട് കുറച്ച് സംശയങ്ങള്‍ ചോദിച്ചു.
അലക്‌സാണ്ടര്‍ എന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ആ കഥാപാത്രം എടുത്ത് മാറ്റിയാല്‍ ആ സിനിമയില്ല. അയാള്‍ പൊട്ടനായ പൊലീസ് ഓഫീസര്‍ അല്ല, ബ്രില്ലിയന്റ് ആണ്. എന്നാല്‍ അയാള്‍ക്ക് ഒരു പ്രശ്‌നമെയുള്ളു ചോര കണ്ടാല്‍ അയാള്‍ക്ക് തല കറങ്ങും,’ രൂപേഷ് പീതാംബരന്‍ പറയുന്നു.
ശ്രീനിവാസന്‍ അഭിനയിക്കാന്‍ വന്നുകഴിഞ്ഞാല്‍ സ്‌ക്രിപ്റ്റില്‍ കൈ കടത്തും, മൂപ്പര് മൊത്തത്തില്‍ പൊളിച്ച് മാറ്റും. നമ്മള്‍ ഉദ്ദേശിക്കുന്ന സിനിമയായിരിക്കില്ല എന്നൊക്കെ സാധാരണ താന്‍ എപ്പോഴും കേള്‍ക്കുന്ന കാര്യമാണെന്നും എന്നാല്‍ തന്റെ രണ്ടുസിനിമയിലും ഒന്നും പറഞ്ഞിട്ടില്ലെന്നും രൂപേഷ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Roopesh Peethambaran talking about Sreenivasan and his health