| Monday, 13th October 2025, 8:59 am

ശൈലജ ടീച്ചർക്ക് വേണ്ടി സംസാരിച്ച എന്നെ തെറി വിളിച്ചത് അവരുടെ പാർട്ടിയിലുളളവർ തന്നെ: രൂപേഷ് പീതാംബരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈലജ ടീച്ചർക്ക് വേണ്ടി സംസാരിച്ചപ്പോൾ തനിക്ക് ചീത്ത കേട്ടത് അവരുടെ പാർട്ടിക്കാരുടെ അടുത്ത് നിന്ന് തന്നെയാണെന്ന് രൂപേഷ് പീതാംബരൻ.

ഷൈലജ ടീച്ചർ നല്ല ആരോഗ്യമന്ത്രിയായിരുന്നുവെന്നും എന്നാൽ അടുത്ത മന്ത്രി സഭയിൽ ടീച്ചറില്ലാത്തതുകൊണ്ട് താൻ പ്രതികരിച്ചുവെന്നും രൂപേഷ് പറയുന്നു. താൻ ചീത്ത കേട്ടതോടെ പൊളിറ്റ്ക്സ് പറയില്ലെന്ന് തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ഷൈലജ ടീച്ചറുടെ പേര് വെച്ചുകൊണ്ട് നല്ല രീതിയിൽ ക്യാമ്പയിനിങ് നടത്തി. ടീച്ചർ അതിൽ ജയിക്കുകയും ചെയ്തു. ഷൈലജ ടീച്ചർ നല്ല ആരോഗ്യമന്ത്രിയായിരുന്നു. നമ്മളും കൈ അടിച്ചിട്ടുണ്ട്. പിന്നെ അടുത്ത ഇലക്ഷനിൽ നമ്മൾ വോട്ട് ചെയ്യുന്നത് നമ്മൾ കാണുന്ന ഫേസ് വാല്യു വെച്ചിട്ടാണ്… അല്ലേ?

എന്നാൽ അടുത്ത മന്ത്രി സഭയിൽ ടീച്ചറില്ല. അതിൽ ഞാൻ റിയാക്ട് ചെയ്തു. ഇപ്പോഴത്തെ ആരോഗ്യമന്ത്രി മോശമാണെന്നല്ല ഞാൻ പറഞ്ഞത്. ഞാൻ റിയാക്ട് ചെയ്തതിന് എന്നെ ഏറ്റവും കൂടുതൽ തെറി വിളിച്ചത് അവരുടെ പാർട്ടിക്കാർ തന്നെയാണ്. പോസ്റ്റിന് താഴെ വന്നിട്ട് ബ്രൂട്ടലായിട്ട് എന്നെ തെറി വിളിച്ചു. അന്ന് എനിക്ക് മനസിലായി എന്തിനാണ് ചീത്ത പറയുന്നത് എന്ന്. അതോടെ ഞാൻ പൊളിറ്റിക്‌സ് പറയില്ലെന്ന് തീരുമാനിച്ചു,’ രൂപേഷ് പീതാംബരൻ പറയുന്നു.

പിണറായി വിജയൻ്റെ രണ്ടാം മന്ത്രി സഭയിൽ കെ.കെ. ഷൈലജയ്ക്ക് മന്ത്രിസ്ഥാനം ഉണ്ടായിരുന്നില്ല. ഇതിന് ചുവട് പിടിച്ച് ആരോഗ്യമന്ത്രിയായി  ടീച്ചറെ തിരികെ കൊണ്ടുവരണമെന്ന് രൂപേഷ് പീതാംബരൻ പറഞ്ഞിരുന്നു. ഷൈലജ ടീച്ചർക്ക് ആരോഗ്യമന്ത്രി സ്ഥാനം തിരിച്ചുകൊടുത്തിരുന്നെങ്കിൽ കേരളത്തിൽ പട്ടിണിയും സാമ്പത്തിക പ്രസിസന്ധിയും ആത്മഹത്യയും ഒഴിവാക്കാമായിരുന്നെന്നും രൂപേഷ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. നിലവിലെ ആരോഗ്യമന്ത്രിയായ വീണ ജോർജിനോട് ഒരു പരിഭവവുമില്ലെന്നും രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

മഹാരാജാസ് കോളേജിലെ കെ.എസ്.യുവിന്റെ വിജയകഥ സിനിമയാക്കിയപ്പോൾ ചിത്രത്തിന്റെ വാണിജ്യവിജയത്തിന് വേണ്ടി എസ്.എഫ്.ഐ യുടെ (മെക്‌സിക്കൻ അപാരത) കഥയാക്കി മാറ്റിയെന്ന് ഈയടുത്ത് രൂപേഷ് പീതാംബരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രൂപേഷിൻ്റെ പരാമർശം വലിയൊരു ചർച്ചയ്ക്ക് വഴി വെച്ചിരുന്നു.

Content Highlight: Roopesh Peethamabaran Talking about KK Shailaja Teacher

We use cookies to give you the best possible experience. Learn more