| Saturday, 4th October 2025, 6:25 pm

കണ്ണൂര്‍ സ്‌ക്വാഡിന്റെ സെക്കന്‍ഡ് പാര്‍ട്ടോ സ്പിന്‍ ഓഫോ എടുക്കണമെങ്കില്‍ അദ്ദേഹം വിചാരിക്കണം: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രൊമോഷനോ ബഹളമോ ഒന്നുമില്ലാതെ വന്ന് സര്‍പ്രൈസ് വിജയമായി മാറിയ ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രം വമ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.

കണ്ണൂരിലെ സ്‌പെഷ്യല്‍ പൊലീസ് സ്‌ക്വാഡിന്റെയും അവര്‍ അന്വേഷിച്ച ഒരു കേസിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. സബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയാണ് കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിച്ചത്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായേക്കുമെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡിന് രണ്ടാം ഭാഗം ഉണ്ടാകുമോ ഇല്ലയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ്. ഇപ്പോള്‍ താന്‍ എവിടെപ്പോയാലും പലരും ചോദിക്കുന്ന കാര്യം കണ്ണൂര്‍ സ്‌ക്വാഡിന്റെ സെക്കന്‍ഡ് പാര്‍ട്ടിനെക്കുറിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു റോണി ഡേവിഡ്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ റൈറ്റ്‌സ് മുഴുവന്‍ മമ്മൂക്കയുടെ കൈയിലാണ്. അപ്പോള്‍ ആ പടത്തിന് സെക്കന്‍ഡ് പാര്‍ട്ടോ സീക്വലോ വേണമെങ്കില്‍ അദ്ദേഹം സമ്മതിക്കണം. അതിലെ ഏത് ക്യാരക്ടറിനെക്കുറിച്ചും സിനിമയെടുക്കണമെങ്കില്‍ പുള്ളിയുടെ പെര്‍മിഷന്‍ വേണം. അല്ലാതെ എന്റെ കൈയില്‍ ഒന്നുമില്ല. എല്ലാം മമ്മൂക്കയുടെ കൈയിലാണ്,’ റോണി ഡേവിഡ് പറയുന്നു.

കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥയെഴുതിയതിനൊപ്പം ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷവും റോണി കൈകാര്യം ചെയ്തിരുന്നു. ജയകുമാര്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു റോണി കാഴ്ചവെച്ചത്. ചിത്രത്തിന്റെ സംവിധായകനായ റോബി വര്‍ഗീസ് റോണിയുടെ സഹോദരനാണ്. ഇരുവരും വീണ്ടും ക്യാമറക്ക് പിന്നിലെത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

അതേസമയം റോണി ഡോവിഡ് ഭാഗമാകുന്ന നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ് റിലീസിന് തയാറെടുക്കുകയാണ്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ നൗഫല്‍ അബ്ദുള്ളയാണ്. റോഷന്‍ ഷാനവാസ്, ശരത് സഭ, അബു സലിം എന്നിവരാണ് മറ്റ് താരങ്ങള്‍. മെറിന്‍ ഫിലിപ്പാണ് ചിത്രത്തിലെ നായിക. ഒക്ടോബര്‍ 10ന് നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ് തിയേറ്ററുകളിലെത്തും.

Content Highlight: Rony David about the sequel of Kannur Squad movie

We use cookies to give you the best possible experience. Learn more