| Wednesday, 10th December 2025, 11:06 am

'ചീറ്റ കൈമാറ്റം' അനുമതിയില്ലാതെ വീഡിയോ ഉപയോഗിച്ചു; സീ ന്യൂസിനോട് 18 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റോണി സെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അനുവാദമില്ലാതെ തന്റെ വീഡിയോ ഉപയോഗിച്ച സീ ന്യൂസിനോട് 18 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാവും ഫോട്ടാഗ്രാഫറുമായ റോണി സെന്‍. മനപൂര്‍വം പകര്‍പ്പവകാശ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

സീ ന്യൂസും സീ മീഡിയ കോര്‍പ്പറേഷനും എതിരെയാണ് പരാതി. ആഫ്രിക്കയില്‍ നിന്നും മധ്യപ്രദേശിലെത്തിച്ച ചീറ്റകളുടെ വീഡിയോയെ മുന്‍നിര്‍ത്തിയാണ് റോണി സെന്‍ പരാതി നല്‍കിയത്.

തന്റെ വീഡിയോ സീ ന്യൂസ് തെറ്റായി അവതരിപ്പിച്ചുവെന്നും വീഡിയോയുടെ പകര്‍പ്പവകാശം ന്യൂസ് ചാനല്‍ സ്വന്തമാക്കിയെന്ന തരത്തിലായിരുന്നു സംപ്രേക്ഷണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

2022 ജൂണ്‍ മൂന്നിനും ജൂണ്‍ 10നും ഇടയില്‍ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര പോയ റോണി സെന്‍, ഇന്ത്യയിലേക്ക് മാറ്റാനുദ്ദേശിച്ചിരുന്ന ചീറ്റകളെ പിടികൂടുന്നതും കൊണ്ടുപോകുന്നതും ക്യാമറയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് 2022ലും 2023ലുമായാണ് നമീബയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും 20 ആഫ്രിക്കന്‍ ചീറ്റകളെ മധ്യപ്രദേശില്‍ എത്തിച്ചത്.

ഇതുസംബന്ധിച്ച വാര്‍ത്തക്കിടെ റോണി സെന്‍ പകര്‍ത്തിയ വീഡിയോയിലെ 12 സെക്കന്‍ഡ് ദൈഘ്യമുള്ള ഒരു ഭാഗം തങ്ങളുടെ പ്രൈംടൈം പ്രോഗ്രാമായ ഡി.എന്‍.എയില്‍ സീ ന്യൂസ് സംപ്രേക്ഷണം ചെയ്തു. 2022 സെപ്റ്റംബര്‍ 16നും 2022 സെപ്റ്റംബര്‍ 17നുമാണ് സീ ന്യൂസ് ഹിന്ദി തന്റെ വീഡിയോയിലെ ഭാഗങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതെന്നും പരാതിയില്‍ പറയുന്നു.

എക്‌സ്‌ക്ലൂസീവ് പോലുള്ള വാചകങ്ങളും, വാട്ടര്‍മാര്‍ക്കുകള്‍, ടിക്കറുകള്‍ പോലുള്ള ടൂളുകളും ഉപയോഗിച്ച് ചീറ്റകളെ ഇന്ത്യയിലെത്തിച്ച വിമാനത്തില്‍ സീ ന്യൂസ് പ്രവേശനം നേടിയെന്ന അവകാശവാദവും മാധ്യമസ്ഥാപനം ഉയര്‍ത്തിയിരുന്നു. ക്രെഡിറ്റോ സമമതമോ പണമോ ഇല്ലാതെയാണ് സീ ന്യൂസ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും പരാതിയുണ്ട്.

എന്‍.ഡി.ടി.വി അടക്കമുള്ള ചാനലുകളുമായി ചര്‍ച്ച നടത്തവേയാണ് സീ ന്യൂസ് തന്റെ വീഡിയോ സംപ്രേക്ഷണം ചെയ്തത്. അതുകൊണ്ട് തന്നെ ഈ ദൃശ്യത്തിന് ലൈസന്‍സ് കിട്ടുക എന്നത് ഇനി എളുപ്പമല്ല. വലിയ സാമ്പത്തികനഷ്ടമാണ് ഇതിലൂടെ തനിക്കുണ്ടായതെന്നും റോണി സെന്‍ പറയുന്നു.

ഇതാദ്യമായല്ല തന്റെ ഫോട്ടോഗ്രാഫുകള്‍ സീ മീഡിയ ദുരുപയോഗം ചെയ്യുന്നതെന്നും റോണി സെന്‍ പോറയുന്നു. 2014ല്‍ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ തന്റെ ഒരു ഫോട്ടോ അനുമതിയില്ലാതെ സീ ന്യൂസ് (ബംഗാള്‍) ഉപയോഗിച്ചിരുന്നുവെന്നാണ് റോണി സെന്നിന്റെ ആരോപണം.

Content Highlight: Ronny Sen has sought Rs 18 crore in damages from Zee News for using his video without permission

We use cookies to give you the best possible experience. Learn more