| Friday, 14th November 2025, 6:36 pm

അവസാനനിമിഷം ചില സംവിധായകന്‍ എന്നെ ഒഴിവാക്കി, മമ്മൂക്കയുടെ ആ ചോദ്യമാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്: റോണക്‌സ് സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേക്കപ്പ് ഡിപ്പാര്‍ട്‌മെന്റില്‍ ഇത്രയും ഉയരത്തിലെത്തുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്ന് പറയുകയാണ് റോണക്‌സ് സേവ്യര്‍. എ.സി മെക്കാനിക്കാകാനാണ് താന്‍ പഠിച്ചതെന്നും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം സിനിമയിലേക്ക് എത്തുകയായിരുന്നെന്നും റോണക്‌സ് പറഞ്ഞു. ചെറിയ ചില ജോലികളെല്ലാം ചെയ്താണ് താന്‍ ഇപ്പോള്‍ കാണുന്ന നിലയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുപാട് സിനിമകളില്‍ മേക്കപ്പ് അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഓരോ സിനിമയില്‍ നിന്നും പുതിയ ചില കാര്യങ്ങള്‍ പഠിക്കാറുണ്ടെന്നും റോണക്‌സ് പറയുന്നു. വെറും ജോലി എന്ന നിലയില്‍ മാത്രമാണ് താന്‍ സിനിമയെ കണ്ടിരുന്നതെന്നും നാട്ടിലെ കൂട്ടുകാരെ വിട്ടുപോരാന്‍ താത്പര്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു റോണക്‌സ്.

‘നാട്ടിലെ കൂട്ടുകാരെയും വീടിനെയും വിട്ട് എങ്ങോട്ടും പോകാന്‍ ഇഷ്ടമല്ലായിരുന്നു. പിന്നീട് ഒരു ഘട്ടത്തില്‍ ഇതാണ് നമ്മുടെ ലൈഫ് എന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ഒരു പോയിന്റില്‍ ഇന്‍ഡിപ്പെന്‍ഡന്റ് മേക്കപ്പ് മാനാകാന്‍ തീരുമാനിച്ചു. മമ്മൂക്കയാണ് എന്നെ ഇന്‍ഡിപെന്‍ഡന്റ് മേക്കപ്പ് മാനാക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പ്ലേ ഹൗസിന്റെ പടത്തിലൂടെയായിരുന്നു.

ജവാന്‍ ഓഫ് വെള്ളിമലയിലൂടെയാണ് എന്റെ കരിയര്‍ ആരംഭിച്ചത്. അതിന് കാരണമായത് കിങ് ആന്‍ഡ് കമ്മീഷണറായിരുന്നു. മമ്മൂക്കയും ജോര്‍ജേട്ടനും കൂടിയാണ് ആ അവസരം തന്നത്. അദ്ദേഹത്തിന്റെ ചോദ്യം എന്നെ ഇവിടം വരെ എത്തിക്കുമെന്ന് കരുതിയില്ല. ‘നിനക്ക് ഒറ്റക്ക് ഒരു പടം ചെയ്യാന്‍ പറ്റുമോ’ എന്ന് മമ്മൂക്ക ചോദിച്ചെന്ന് ജോര്‍ജേട്ടന്‍ എന്നോട് പറഞ്ഞു. അപ്പോ തന്നെ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു.

അതാണ് എന്നെ ഇന്ന് ഇവിടം വരെ എത്തിച്ചത്. ജവാന്‍ ഓഫ് വെള്ളിമലക്ക് മുമ്പ് എന്നെ ഒന്നുരണ്ട് സംവിധായകര്‍ വിളിച്ചിട്ടുണ്ടായിരുന്നു. ഡിസ്‌കഷനൊക്കെ കഴിഞ്ഞിട്ട് അവസാനനിമിഷം എന്നെ ഒഴിവാക്കിയിട്ടുണ്ട്. എന്നെക്കൊണ്ട് ചെയ്യിക്കാന്‍ അവര്‍ക്ക് കോണ്‍ഫിഡന്‍സില്ലായിരുന്നു. പിന്നീട് ആ സംവിധായകരുടെ രണ്ട് പടത്തില്‍ ഞാന്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്’ റോണക്‌സ് സേവ്യര്‍ പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന പേര് സ്വന്തമാക്കിയ ആളാണ് റോണക്‌സ് സേവ്യര്‍. 13 വര്‍ഷത്തെ കരിയറില്‍ 100ലധികം സിനിമകളില്‍ റോണക്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിലെ മേക്കപ്പിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും അദ്ദേഹം തന്റെ പേരിലാക്കിയിരുന്നു.

Content Highlight: Ronex Xavier explains Mammootty’s influence in his career

We use cookies to give you the best possible experience. Learn more