| Saturday, 22nd November 2025, 2:22 pm

കാന്താര ചാപ്റ്റര്‍ വണ്ണില്‍ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ മേക്കപ്പ്, ഒരുപാട് പഠിച്ച് ആലോചിച്ചാണ് അത് ചെയ്തത്: റോണക്‌സ് സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒക്ടോബര്‍ 2 ന് റിലീസായ കാന്താര ചാപ്റ്റര്‍ വണ്ണിന് ലോകമെമ്പാടും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. റിഷഭ് ഷെട്ടി തന്നെ സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ മായക്കാരന്‍ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള മേക്കപ്പ് മാന്‍ റോണക്സ് സേവ്യറിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ചിത്രത്തിലെ പ്രധാനവേഷമായ ബെര്‍മിയെ അവതരിപ്പിച്ച റിഷബ്, മറ്റൊരു കഥാപാത്രമായ മായക്കാരനും വേഷം നല്‍കിയിരുന്നു. സിനിമ കണ്ടിറങ്ങിയവര്‍ക്ക് പോലും റിഷഭാണ് കഥാപാത്രം ചെയ്തതെന്ന് മനസിലാവാത്ത രീതിയിലായിരുന്നു കഥാപാത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ വേഷപ്പകര്‍ച്ച. ബെര്‍മി എന്ന കഥാപാത്രത്തിന്റെ ലുക്കില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ മായക്കാരനെ ഒരുക്കുമ്പോള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ മേക്കപ്പ്മാനായ റോണക്സ് സേവ്യര്‍.

‘അവസാന നിമിഷത്തിലാണ് ഞാന്‍ കാന്താര ചാപ്റ്റര്‍ വണ്ണിലേക്കെത്തുന്നത്. പെട്ടെന്ന് ഒരു ദിവസം റിഷബ് വിളിച്ച് മായക്കാരന്‍ എന്ന കഥാപാത്രത്തിന്റെ റഫറന്‍സ് തന്നു. ഇത് നമുക്ക് ചെയ്തെടുക്കണമെന്നും പറഞ്ഞു. ഞങ്ങള്‍ കരുതിയത് ബെര്‍മിയുടെ ഷൂട്ടിന് ശേഷമാവും മായക്കാരന്‍ ചെയ്യുക എന്നാണ്.

പിന്നെയാണ് മനസ്സിലായത് ഈ രണ്ട് കഥാപാത്രങ്ങളും ഒരേ സമയം ചെയ്യനുള്ളതാണെന്ന്, അതൊരു ടാസ്‌കായിരുന്നു. കാരണം ബെര്‍മിക്ക് വേണ്ടി നീട്ടിവളര്‍ത്തിയ താടിയും മുടിയും വടിച്ചു കളഞ്ഞതിനുശേഷം അതിനുമുകളില്‍ വേണമായിരുന്നു മായക്കാരനു വേണ്ടിയുള്ള മേക്കപ്പ് ചെയ്യാന്‍. എനിക്കതേപ്പറ്റി ഒന്നാലോചിക്കണമെന്ന് ഞാന്‍ റിഷബിനോട് പറഞ്ഞു,

കാരണം ഇത്രയും വലിയ താടിയും മുടിയും അടിയില്‍ വച്ച് മറ്റൊരു നാച്ചുറല്‍ ലുക്കിലേക്കെത്തിക്കുക എന്നത് പ്രയാസമാണെന്നും മറ്റുള്ളവരുമായി കൂടിയാലോചിക്കണമെന്നും റിഷബിനോട് പറഞ്ഞപ്പോള്‍ ആലോചിച്ച് തീരുമാനം പറയാനായിരുന്നു റിഷബിന്റെ മറുപടി’ റോണക്‌സ് പറയുന്നു.

അങ്ങനെ കുറച്ചധികം പഠനത്തിനുശേഷം എങ്ങനെയൊക്കെ ചെയ്യാം എന്ന് താരത്തെ പറഞ്ഞ് മനസിലാക്കിയെന്നും രണ്ട് തവണ ട്രയല്‍ ചെയ്തതിന് ശേഷമാണ് മായക്കാരന്‍ എന്ന കഥാപാത്രവും റിഷബ് ചെയ്യാം എന്ന ധാരണയിലെത്തിയതെന്നും അദ്ദേഹം പറയുന്നു. ഇല്ലെങ്കില്‍ മറ്റൊരു വയസ്സായ ആളെ വച്ച് ആ കഥാപാത്രം ചെയ്യാനിരുന്നതായിരുന്നെന്നും റോണക്‌സ് കൂട്ടിച്ചേര്‍ത്തു.

ഇത്തരം സന്ദര്‍ഭങ്ങള്‍ ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്, കാരണം അദ്ദേഹം ആ കഥാപാത്രം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത് നമ്മള്‍ ചെയ്തുകൊടുക്കുന്ന മേക്കപ്പിന്റെ അടിസ്ഥാനത്തിലാണ്. നല്ല രീതിയില്‍ ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും റോണക്‌സ് സേവ്യര്‍ അഭിമുഖത്തില്‍ പറയുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിംലിംസ് പുറത്തുവിട്ട മണിക്കൂറുകളെടുത്ത് മായക്കാരനായി മാറുന്ന ബിഹൈന്‍ഡ് ദ സീന്‍ വീഡിയോക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷരില്‍ നിന്നും ലഭിച്ചത്. ഏകദേശം ആറു മണിക്കൂറോളമെടുത്താണ് അണിയറപ്രവര്‍ത്തകര്‍ റിഷഭിനെ മായക്കാരനാക്കി മാറ്റിയത്.

Content Highlight: Ronex Xavier about the makeup in Kantara Chapter One

We use cookies to give you the best possible experience. Learn more