ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം എന്ന ആരാധകരുടെ ചര്‍ച്ചകള്‍ ഇപ്പോഴും അറ്റം കാണാതെ പോകുകയാണ്.
ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ തിളങ്ങുന്നത്. 923 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് റോണോ. എന്നാല്‍ മെസി 852 കരിയര്‍ ഗോളുമായി റോണോയുടെ പിന്നിലുണ്ട്. മെസി എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോള്‍ റോണോ സൗദി ക്ലബ്ബായ അല്‍ നസറിലാണ് കളിക്കുന്നത്.
ക്രിസ്റ്റയാനോയുടെ മകന്‍ റൊണാള്‍ഡോ ജൂനിയറും ഇപ്പോള്‍ അല്‍ നാസറിന്റെ ജൂനിയര്‍ ക്ലബിലാണ് കളിക്കുകയാണ്. മികച്ച പ്രകടനമാണ് യുവ താരം ക്ലബ് മത്സരങ്ങളില്‍ കാഴ്ച വെക്കുന്നത്. ഇപ്പോള്‍ റൊണാള്‍ഡോ തന്റെ മകന്റെ ഇഷ്ട താരം ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. അത് താനോ മെസിയോ അല്ലെന്നാണ് പറഞ്ഞത്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെയാണ് തന്റെ മകന് ഏറ്റവും ഇഷ്ടമെന്നാണ് റോണോ പറഞ്ഞത്.
‘എന്റെ മകന്റെ ഇഷ്ട ഫുട്‌ബോള്‍ താരം അത് ഞാനോ ലയണല്‍ മെസിയോ അല്ല. എന്റെ മകന്റെ ഇഷ്ട താരം എംബാപ്പെയാണ്. എന്നെക്കാളും മികച്ചവനാണ് എംബാപ്പെയെന്നാണ് അവന്‍ പറയാറുള്ളത്” ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.
Content Highlight: Ronaldo reveals who his son’s favorite player is