കരിയറിലെ രണ്ടാം നേഷന്‍സ് ലീഗ് കിരീടവുമായി തന്റെ കുതിപ്പ് തുടരുകയാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ട് തവണ കിരീടം നേടുന്ന ആദ്യ ടീമായി പോര്‍ച്ചുഗലും രണ്ട് തവണ കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റെക്കോഡിട്ടിരുന്നു. ടൂര്‍ണമെന്റില്‍ എട്ട് ഗോളും സ്വന്തമാക്കി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ വിക്ടര്‍ ഗ്യോക്കറസിന് കീഴില്‍ രണ്ടാം സ്ഥാനത്തെത്താനും റൊണാള്‍ഡോക്ക് സാധിച്ചു.
1000 സീനിയര്‍ ഗോള്‍ എന്ന ലക്ഷ്യത്തിലേക്കാണ് റൊണാള്‍ഡോ ഓടിയടുക്കുന്നത്. ഇതിനോടകം 938 ഗോളുകളാണ് തന്റെ ക്ലബ്ബ് കരിയറിലും ദേശീയ ടീമിനൊപ്പവും താരം സ്വന്തമാക്കിയത്. തന്റെ കരിയര്‍ അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനമെടുക്കും മുമ്പ് ഗോള്‍ വേട്ടയില്‍ മില്ലേനിയം പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഈ ലക്ഷ്യത്തിലെത്തും മുമ്പ് മറ്റൊരു നേട്ടത്തിലേക്കും റൊണാള്‍ഡോ ഓടിയെത്തും. ഇതിനായി വേണ്ടതാകട്ടെ അല്‍ നസര്‍ ജേഴ്‌സിയില്‍ വെറും ഒറ്റ ഗോളും.
അഞ്ച് വിവിധ ടീമുകള്‍ക്കൊപ്പം 100 ഗോള്‍ പൂര്‍ത്തിയാക്കിയ ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ ലക്ഷ്യമിടുന്നത്. അല്‍ നസറിനായി ഇതിനോടകം തന്നെ 99 ഗോളുകള്‍ താരം വലയിലെത്തിച്ചിട്ടുണ്ട്. അടുത്ത സീസണിലും താരം ടീമിനൊപ്പമുണ്ടാകും. അങ്ങനെയെങ്കില്‍ ഈ റെക്കോഡ് നേട്ടത്തിനായുള്ള കൗണ്ട് ഡൗണും ആരംഭിച്ചിരിക്കുകയാണ്.
കൗമാര താരമായിരിക്കെ സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി തുടങ്ങിവെച്ച ഗോളടിമേളം ഇപ്പോള്‍ തന്റെ 40ാം വയസില്‍ അല്‍ നസറിന് വേണ്ടിയും തുടരുകയാണ്.
റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനെന്ന നേട്ടം തന്റെ പേരിലെഴുതിച്ചേര്‍ത്താണ് റോണോ റയലിന്റെ തട്ടകത്തില്‍ നിന്നും പടിയിറങ്ങിയത്. ലോസ് ബ്ലാങ്കോസിനായി ബൂട്ടുകെട്ടിയ 438 മത്സരത്തില്‍ നിന്നുമാണ് താരം 450 ഗോളുകള്‍ വലയിലെത്തിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയാണ് താരം രണ്ടാമതായി ഏറ്റവുമധികം ഗോള്‍ സ്വന്തമാക്കിയത്. ടീമിനൊപ്പമുള്ള രണ്ട് കാലഘട്ടത്തിലുമായി 145 തവണയാണ് സര്‍ അലക്സ് ഫെര്‍ഗൂസന്റെ പ്രിയ ശിഷ്യന്‍ എതിരാളികളുടെ വല കുലുക്കിയത്.
പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ വിവിധ ടൂര്‍ണമെന്റുകളിലടക്കം കളത്തിലിറങ്ങിയ 221 മത്സരത്തില്‍ നിന്നും 138 ഗോളുകളും താരം വലയിലെത്തിച്ചു. ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡും റൊണാള്‍ഡോ കൈവിടാതെ കാത്തുവെച്ചിരിക്കുകയാണ്.
തന്റെ പ്രൈമില്‍ തുടരവെ റയല്‍ മാഡ്രിഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്കുള്ള റൊണാള്‍ഡോയുടെ മാറ്റം എതിരാളികളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. എന്നാല്‍ സ്‌പെയ്‌നില്‍ പുറത്തെടുത്ത അതേ ഡൊമിനന്‍സ് സീരി എയിലും പിറന്നപ്പോള്‍ ഓള്‍ഡ് ലേഡിക്ക് വേണ്ടി 101 തവണയും പോര്‍ച്ചുഗല്‍ ലെജന്‍ഡ് പന്ത് വലയിലെത്തിച്ചു.
യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് അല്‍ നസറിലേക്ക് ചേക്കേറിയപ്പോള്‍ അവിടെയും റൊണാള്‍ഡോയുടെ ഗോളടിമേളത്തിന് ആരാധകര്‍ സാക്ഷികളായി. സൗദി പ്രോ ലീഗില്‍ അല്‍ നസറിനായി 74 ഗോള്‍ നേടിയ താരം എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ 14 തവണയും മറ്റ് ടൂര്‍ണമെന്റുകളിലായി 11 തവണയും ഗോള്‍ കണ്ടെത്തി.
സര്‍ അലക്സ് ഫെര്‍ഗൂസന്റെ കണ്ണില്‍പ്പെടും മുമ്പ് തന്റെ ബോയ്ഹുഡ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി അഞ്ച് തവണയും താരം വലകുലുക്കി.
ഇതിനൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, സിരി എ, സൗദി പ്രോ ലീഗ് എന്നിവിടങ്ങളില്‍ ടോപ് സ്‌കോററാകുന്ന ആദ്യ താരം, അഞ്ച് വിവിധ ഫിഫ ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ഏക താരം (2006-2022), യുവേഫ ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ (140) തുടങ്ങിയ റെക്കോഡുകളും റൊണാള്‍ഡോ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
Content Highlight: Ronaldo need one goal with Al Nassr to become first player to score 100 goals for 5 different teams