| Friday, 14th August 2026, 10:28 am

എന്റെ അഭിപ്രായത്തില്‍ അവന്‍ തന്നെയാണ് ഏറ്റവും മികച്ച താരം: റൊണാള്‍ഡീഞ്ഞോ

സുദേവ് എ

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

മെസിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യത്തില്‍ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. രണ്ട് താരങ്ങള്‍ക്കും അവരുടേതായ മികച്ച വശങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ റൊണാള്‍ഡീഞ്ഞോ മെസിയെയാണ് ഏറ്റവും മികച്ച താരമായി കണക്കാക്കിയത്. 2020ല്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ റൊണാള്‍ഡീഞ്ഞോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ച നേടുകയാണിപ്പോള്‍.

‘ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മെസി. അദ്ദേഹം മൈതാനത്ത് പ്രകടിപ്പിക്കുന്ന കളി മികവ് മറ്റാര്‍ക്കും കാഴ്ചവെക്കാന്‍ സാധിക്കില്ല. എന്നാല്‍ റൊണാള്‍ഡോയെ പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം പൂര്‍ണനായ താരമാണ്.

കളിക്കളത്തില്‍ ഒരു താരത്തിന് എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമുണ്ടോ, അതെല്ലാം റൊണാള്‍ഡോയിലുണ്ട്. പക്ഷെ ഇവരില്‍ ആരാണ് മികച്ചതെന്ന് ചോദിച്ചാല്‍ അത് ഓരോരുത്തരുടെയും അഭിരുചിയെ ആശ്രയിച്ചിരിക്കും. എന്റെ അഭിപ്രായത്തില്‍ മെസി തന്നെയാണ് ഏറ്റവും മികച്ച താരം,’ റോണാള്‍ഡീഞ്ഞോ പറഞ്ഞു.

ഇരുതാരങ്ങളും തങ്ങളുടെ കരിയറിലെ അവസാന ഘട്ടത്തിലും മികച്ച പോരാട്ടവീര്യങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 2026 ലോകകപ്പിന് ശേഷം ഇരു താരങ്ങളും ക്ലബ്ബ് ഫുട്‌ബോളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടുകയെന്ന മെസിയുടെയും അര്‍ജന്റീനയും സ്വപ്നം ഫൈനലില്‍ അവസാനിക്കുകയായിരുന്നു. കലാശപോരാട്ടത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ടതാണ് അര്‍ജന്റീനക്ക് കിരീടം നഷ്ടമായത്.

ഈ ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.

മറുഭാഗത്ത് റൊണാള്‍ഡോക്ക് പ്രീക്വാര്‍ട്ടര്‍ വരെയാണ് ലോകകപ്പില്‍ മുന്നേറാന്‍ സാധിച്ചത്. ചാമ്പ്യന്മാരായ സ്‌പെയ്‌നിനോട് പരാജയപ്പെട്ടായിരുന്നു പോര്‍ച്ചുഗലിന്റെ മടക്കം. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റിലും ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി.

Content Highlight: Ronaldinho talks about Lionel Messi and Cristiano Ronaldo

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more