| Friday, 23rd January 2026, 5:07 pm

ആ നിമിഷങ്ങള്‍ എന്നെ കരയിപ്പിക്കുന്നു; ബാഴ്‌സയിലെ കരിയറിനെ കുറിച്ച് റൊണാള്‍ഡീഞ്ഞോ

ഫസീഹ പി.സി.

ബാഴ്സലോണയിലെ തന്റെ കരിയര്‍ വളരെ മനോഹരമായ നിമിഷങ്ങളായിരുന്നുവെന്ന് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ. ബാഴ്‌സക്കായി കളിച്ച ഓരോ മത്സരങ്ങളും താന്‍ ഇപ്പോഴും ഓര്‍ക്കാറുണ്ടെന്നും അതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാഴ്‌സക്കായി കളിച്ചപ്പോള്‍ ലഭിച്ച ആരാധക പിന്തുണയെ കുറിച്ചും മറ്റും ആലോചിക്കുമ്പോള്‍ കരച്ചില്‍ വരാറുണ്ടെന്നും മരിക്കും വരെ ടീമിനെ പിന്തുണക്കുമെന്നും റൊണാള്‍ഡീഞ്ഞോ കൂട്ടിച്ചേര്‍ത്തു.

റൊണാള്‍ഡീഞ്ഞോ. Photo: Tort Gver/x.com

‘എത്ര പെട്ടന്നാണ് വര്‍ഷങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് പല രാത്രികളിലും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ബാഴ്‌സക്കായി കളിച്ച ഓരോ മത്സരവും ഞാന്‍ ഓര്‍ത്തെടുക്കും. റയല്‍ മാഡ്രിഡിന് എതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ അവയെല്ലാം എന്റെ ഓര്‍മയിലുണ്ട്. അതെല്ലാം ഒരിക്കലും മറക്കാന്‍ സാധിക്കാത്ത നിമിഷങ്ങളാണ്.

ആ സമയത്ത്, ബാഴ്‌സക്കായി കളിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും സന്തോഷവാന്‍ ഞാനായിരുന്നു. ഞാന്‍ കളിക്കണമെന്ന് ഏറെ ആഗ്രഹിച്ച ഒരു ടീമായിരുന്നു ബാഴ്‌സ. എന്റെ ഓരോ ഡ്രിബിളുകള്‍ക്കും ഓരോ ബൈസിക്കിള്‍ കിക്കിനും റബോണക്കും ആരാധകര്‍ കയ്യടിച്ചിരുന്നു. അതെല്ലാം മനോഹരമായിരുന്നു.

ഈ നിമിഷങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന് വേണ്ടിയാണ് ഞാന്‍ കളിച്ചിരുന്നത് എന്നത് ഏറെ അഭിമാനമാണ്. എന്റെ ഹൃദയം മരിക്കുവോളം ബ്ലൂഗ്രാനക്കായി തുടിക്കും,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

റൊണാള്‍ഡീഞ്ഞോ. Photo: Football Tweet/x.com

2003ലാണ് ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ ബാഴ്‌സയില്‍ ചേരുന്നത്. 23 വയസില്‍ ടീമിനൊപ്പം ചേര്‍ന്ന താരം കളിച്ചത് അഞ്ച് സീസണുകളിലാണ്. 2008ലാണ് ബ്രസീല്‍ ഇതിഹാസം ക്ലബ്ബ് വിട്ട് എ.സി. മിലാനില്‍ ചേര്‍ന്നത്.

ഇതിനിടയില്‍ റൊണാള്‍ഡീഞ്ഞോ ബാഴ്‌സയ്‌ക്കൊപ്പം മൂന്ന് കിരീടങ്ങളില്‍ പങ്കാളിയായി. രണ്ട് തവണ ലാലിഗ ചാമ്പ്യന്മാരായപ്പോള്‍ ഒരു തവണ യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും മുത്തമിട്ടു. ടീമിനായി 207 മത്സരങ്ങളില്‍ കളിച്ച താരം 98 ഗോളുകളും കറ്റാലന്‍ പടക്കായി നേടിയിട്ടുണ്ട്.

Content Highlight: Ronaldinho talks about his career in Barcelona

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more