| Thursday, 22nd May 2025, 3:14 pm

മെസിയും ഞാനും ഇതിനോടകം ചരിത്രം സൃഷ്ടിച്ചു, ഇനി അവന്റെ ഊഴമാണ്; സൂപ്പര്‍ താരത്തിന് പ്രശംസയുമായി റൊണാള്‍ഡീന്യോ

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സയുടെ ബ്രസീലിയന്‍ ഇതിഹാസ താരമാണ് റൊണാള്‍ഡീന്യോ. ബ്രസീലിനായി 2002ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നേടിക്കൊടുക്കാന്‍ റൊണാള്‍ഡീന്യോക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ ബാഴ്‌സയുടെ യുവ താരം ലാമിന്‍ യമാലിനെക്കുറിച്ചും സൂപ്പര്‍ താരം ലയണല്‍ മെസിയേക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ താരം.

2022ല്‍ ലോകകപ്പ് ജോതാവായ മെസിയും താനും ഇതിനോടകം ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞെന്നും ഇനി ലാമിന്‍ യമാലിന്റെ ഊഴമാണെന്നും റൊണാള്‍ഡീന്യോ പറഞ്ഞു. അവനേപ്പോലുള്ള കളിക്കാരെ താന്‍ ഇഷ്ടപ്പെടുന്നെന്നും അവന് മികച്ച ഭാവിയുണ്ടാകുമെന്നും ഇതിഹാസം പറഞ്ഞു.

‘മെസിയും ഞാനും ഇതിനകം ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു, ഇനി ലാമിന്‍ യമലിന്റെ ഊഴമാണ്. ഇത്ര ചെറുപ്പത്തിലെ അവന്‍ അസാധാരണമായ കഴിവുകള്‍ പുറത്തെടുക്കുന്നു. അവനെപ്പോലുള്ള കളിക്കാരെ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, അത്തരത്തിലുള്ള താരങ്ങള്‍ ഫുട്‌ബോളിന് നല്ലതാണ്. നമ്മുടേതുപോലുള്ള ഒരു കരിയര്‍ അവന് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ റൊണാള്‍ഡിന്യോ സ്പാനിഷ് മാധ്യമമായ മാര്‍ക്കയോട് പറഞ്ഞു.

മാത്രമല്ല അടുത്ത കാലത്തായി ലാമിന്‍ യമാലിനെയും ലയണല്‍ മെസിയേയും തമ്മില്‍ താരതമ്യപ്പെടുത്തി സംസാരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായവും റൊണാള്‍ഡിന്യോ പങ്കുവെച്ചിരുന്നു. അത്തരം താരതമ്യങ്ങള്‍ തനിക്കിഷ്ടമല്ലെന്നും ഓരോ ഫുട്‌ബോള്‍ കളിക്കാരനും വ്യത്യസ്ത ശൈലിയാണ് ഉള്ളതെന്നും മുന്‍ താരം പറഞ്ഞു.

‘എനിക്ക് ഒരിക്കലും അത്തരം താരതമ്യങ്ങള്‍ ഇഷ്ടപ്പെട്ടിട്ടില്ല, കാരണം ഓരോ ഫുട്‌ബോള്‍ കളിക്കാരനും അവരുടേതായ കളി ശൈലിയുണ്ട്. പ്രധാന കാര്യം, ലാമിന്‍ യമാല്‍ ആളുകള്‍ക്ക് ഇത് സന്തോഷം നല്‍കുന്നു എന്നതാണ്. എന്റെ കാലത്ത് ഞാന്‍ ചെയ്തതുപോലെ, അല്ലെങ്കില്‍ പിന്നീട് മെസി ചെയ്തതുപോലെ, അവന്‍ തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിയുടെ താരമാണ്. 2023ലാണ് മെസി പാരീസ് വിട്ട് എം.എല്‍.എസില്‍ ചോക്കേറിയത്. 855 കരിയര്‍ ഗോളുമായാണ് മെസി ഫുട്‌ബോള്‍ ലോകത്ത് മുന്നേറുന്നത്.

ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിലാണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡും മയാമി സ്വന്തമാക്കി.

അതേസമയം 2023ല്‍ തന്റെ പതിനഞ്ചാം വയസിലായിരുന്നു കറ്റാലന്‍മാര്‍ക്ക് വേണ്ടി യമാല്‍ ആദ്യമായി ബൂട്ട് കെട്ടിയത്. ഈ സീസണില്‍ ഹാന്‍സി ഫ്ളിക്കിന്റെ കീഴില്‍ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിയത്. ഇതുവരെ ടീമിന് വേണ്ടി 25 ഗോളുകളാണ് താരം നേടിയത്. മാത്രമല്ല ബാഴ്‌സയ്ക്ക് വേണ്ടി സൂപ്പര്‍ കപ്പ്, കോപ്പ ഡെല്‍റെ, ലാലിഗ എന്നീ കിരീടങ്ങളും ബാഴ്‌സയ്ക്ക് വേണ്ടി യമാല്‍ നേടിയിട്ടുണ്ട്.

രാജ്യാന്തര തലത്തില്‍ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്.

Content Highlight: Ronaldinho Talking About Lamine Yamal And Lionel Messi

We use cookies to give you the best possible experience. Learn more