ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോട്ട് ഡിബേറ്റില്‍ തന്റെ ഇഷ്ട താരത്തെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്. മെസിയാണോ റൊണാള്‍ഡോയാണോ മികച്ച കളിക്കാരനെന്നത് ഫുട്‌ബോള്‍ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ്. ഇരുവരും കരിയറില്‍ മത്സരിച്ചാണ് റെക്കോഡുകള്‍ വാരിക്കൂട്ടിയിട്ടുള്ളത്.
ഗോട്ട് ഡിബേറ്റില്‍ ഇരുവരെയും മറികടന്ന് മറ്റൊരു താരത്തിന്റെ പേര് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ പറഞ്ഞിരുന്നു. റൊണാള്‍ഡോ നസാരിയോയെയായിരുന്നു റൊണാള്‍ഡീഞ്ഞോ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിച്ചിരുന്നത്.
ഫുട്‌ബോളില്‍ പുതിയൊരു ശൈലി കൊണ്ടുവരാന്‍ റൊണാള്‍ഡോ നസാരിയോക്ക് സാധിച്ചിട്ടുണ്ടെന്നും താന്‍ റൊണാള്‍ഡോയെ മാതൃകയാക്കിയിട്ടുണ്ടെന്നുമായിരുന്നു ബ്രസീലിയന്‍ ഇതിഹാസം പറഞ്ഞത്. ആര്‍.എം.സി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റൊണാള്‍ഡീഞ്ഞോ അഭിപ്രായം രേഖപ്പെടുത്തിയത്.
‘ഫുട്ബോളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരം റൊണാള്‍ഡോ നസാരിയോയാണ്. അദ്ദേഹം ഫുട്ബോളിനെ തന്നെ മാറ്റി മറിച്ചു. അദ്ദേഹത്തിന്റെ വേഗതയും കരുത്തും ടെക്നിക്കുകളും ശ്രദ്ധേയമാണ്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊരുമിച്ച് കളിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ റൊണാള്‍ഡീഞ്ഞോ പറഞ്ഞു.
ഫുട്ബോള്‍ ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് റൊണാള്‍ഡോ നസാരിയോ. ബാഴ്സലോണയിലൂടെയും റയല്‍ മാഡ്രിഡിലും സ്പെയിനില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
നസാരിയോ ഇതേ മികവ് ഇറ്റലിയും തുടര്‍ന്നു. എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് ബ്രസീലിയന്‍ ഇതിഹാസം ഇറ്റലിയില്‍ കളത്തിലിറങ്ങിയത്. ക്ലബ്ബ് തലത്തില്‍ താരം 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയിട്ടുണ്ട്.
ക്ലബ്ബ് തലത്തില്‍ താരം രണ്ട് ലാ ലീഗ, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കപ്പ്, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഡച്ച് കപ്പ്, രണ്ട് തവണ ബ്രസീലിയന്‍ കപ്പ്, ഇന്റര്‍നാഷണല്‍ കപ്പ് എന്നിവയും കരസ്ഥമാക്കി.
ദേശീയ ടീമായ ബ്രസീലിന്റെ മഞ്ഞ കുപ്പായത്തില്‍ നസാരിയോ 98 മത്സരങ്ങളില്‍ 62 ഗോളും സ്‌കോര്‍ ചെയ്തു. ബ്രസീലിനൊപ്പം രണ്ട് ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.
ഇതിനൊപ്പം രണ്ട് തവണ ബാലണ്‍ ഡി ഓറും മൂന്ന് വിവിധ ടീമുകള്‍ക്കൊപ്പം മൂന്ന് തവണ ഫിഫയുടെ മികച്ച താരമെന്ന നേട്ടവും നസാരിയോ നേടി.
Content Highlight: Ronaldinho praises Brazilian legend Ronaldo Nazario