| Wednesday, 15th May 2013, 2:06 pm

കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍: ബ്രസീല്‍ ടീമില്‍ നിന്ന് റെണാള്‍ഡീഞ്ഞോ, കാക പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാവാപോളോ: ജൂണില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പ്  ഫുട്ബാളില്‍ ബ്രസീല്‍ ടീമില്‍ നിന്ന് റെണാള്‍ഡീഞ്ഞോയേയും, കാകയേയും ഒഴിവാക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.[]

യുവ താരങ്ങളായ അലക്‌സാണ്ടര്‍ പാറ്റോ, ചെല്‍സി മിഡ് ഫീല്‍ഡര്‍ റാമിറസ് എന്നിവരെ ഉള്‍പ്പെടുത്താനാണ് പരിശീലകന്‍ ലൂയിസ് ഫിലിപ്പ് സ്കൊളാരി ഉദ്ദേശിക്കുന്നതെന്നാണ് കരുതുന്നത്.

ലോകകപ്പ് പരിശീലന മത്സരത്തില്‍ ഇരുവരും ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത്. ടീമില്‍ ഇടം പിടിക്കാന്‍ ഇവര്‍ക്കിത് ഏറെ സഹായകമാവും.

സാന്റോ നെയ്മര്‍, ചെല്‍സി മിഡ്ഫീല്‍ഡര്‍ ഓസ്‌ക്കാര്‍, മാര്‍സിലോ, ലൂക്കാസ്, ടിയാഗോ സില്‍വ എന്നിവരും ടീമില്‍ ഇടം പിടിക്കുമെന്ന് സാധ്യത കല്‍പ്പിക്കുന്നു.
ഈയിടെ അവസാനിച്ച കോപ്പ ലിബര്‍റ്റാഡോറസ് കപ്പ് ഫുട്ബാളില്‍ മികച്ച പ്രകടനമാണ് റൊണാള്‍ഡീഞ്ഞോ പുറത്തെടുത്തിരുന്നത്. എന്നാല്‍ ഈ പ്രകടനമെന്നും അദ്ദേഹത്തെ ടീമിലിടം കണ്ടെത്താന്‍ സഹായിച്ചില്ല.

2002 ലെ ജപ്പാന്‍-കൊറിയ ലോകകപ്പ് ഫുട്ബാള്‍ മുതല്‍ സ്‌കൊളാരിക്കൊപ്പം റൊണാള്‍ഡീഞ്ഞോ ബ്രസീല്‍ ടീമിന്റെ കൂടെയുണ്ട്. അന്ന് ലോകകപ്പ് ഫുട്ബാള്‍ കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് റൊണാള്‍ഡീഞ്ഞോ വഹിച്ചത്.

കോണ്‍ഫെഡറേഷന്‍ കപ്പിന് മുമ്പ് ഇംഗ്ലണ്ടിനെതിരെയും, ഫ്രാന്‍സിനെതിരെയും ബ്രസീല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കും. ലോകത്തില്‍ അറിയപ്പെടുന്ന സ്റ്റേഡിയങ്ങളിലൊന്നായ മറക്കാന സ്റ്റേഡിയത്തില്‍ വെച്ചാണ് ഇതിലൊരു മത്സരം അരങ്ങേറുക.

ടീമിനെ സംബന്ധിച്ച് കടുത്ത പരീക്ഷണ മത്സരങ്ങളാണ് ഇനി വരാന്‍ പോകുന്നതെന്നും, ടീമംഗങ്ങള്‍ അതിനുളള തയ്യാറെടുപ്പിലാണെന്നും ബ്രസീല്‍ കോച്ച് പറഞ്ഞു.

റെണാര്‍ഡോയും, കാകയും മികച്ച കളിക്കാരാണ്, ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്, അവര്‍ക്ക് ടീമില്‍ ഇടം കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും സ്‌കൊളാരി പറഞ്ഞു.

സാധ്യതാ ടീം:

ഗോളി കീപ്പേര്‍സ്: ജൂലിയോ സീസര്‍, ഡീഗോ കാവെലേരി, ജെഫേഴ്‌സണ്‍

ഡിഫന്‍ഡേര്‍സ്:  ഡാനിയല്‍ ആല്‍വ്‌സ്, ജീയാന്‍, ഫിലിപ്പ് ലൂയിസ്, മാര്‍സിലോ, ഡേവിഡ് ലൂയിസ്, റേവര്‍, ഡാന്റേ, ടിയാഗോ സില്‍വ

മിഡ്ഫീല്‍ഡേര്‍സ്: പോളിഞ്ഞോ, ഫെര്‍ണ്ണാഡോ, ലൂയിസ് ഗുസ്താവോ, ഹെര്‍നാനസ്, ഓസ്‌കാര്‍, ലൂകാസ്, ഗാഡ്‌സണ്‍,

ഫോര്‍വേര്‍ഡ്‌സ്:  നെയ്മര്‍, ഫ്രെഡ്, ഹുല്‍ക്ക്, ലിയാന്‍ഡ്രോ ഡാമിയാവോ, ബെര്‍നാഡ്.

We use cookies to give you the best possible experience. Learn more