അര്‍ജന്റീനയും ഉറുഗ്വേയും തമ്മിലുള്ള സൗഹൃദ മത്സരം നവംബര്‍ 14ന് നടക്കാനിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായി ഉറുഗ്വേ താരം റൊണാള്‍ഡ് അറൗജോ സംസാരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസിയില്ലാതെ അര്‍ജന്റീന കളിക്കുന്നതെന്നും ആ സാഹചര്യം തങ്ങള്‍ മുതലെടുക്കുമെന്നും അറൗജോ പറഞ്ഞു. ഉറുഗ്വേ സ്‌ക്വാഡിനൊപ്പം ചേര്‍ന്ന ശേഷം മോണ്ടെവീഡിയോയിലെ കരാസ്‌കോ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവസാനം, ലോകത്തിലെ ഏറ്റവും മികച്ച താരത്തെയാണ് അവര്‍ക്ക് നഷ്ടമായിരിക്കുന്നത്. ആ സാഹചര്യം ഞങ്ങള്‍ മുതലെടുക്കും. മികച്ച താരങ്ങളും ഏറെ പ്രതിഭയുള്ള യുവതാരങ്ങളും അര്‍ജന്റീനയ്ക്കുണ്ട്. അവരെ ഒരിക്കലും നിസാരമായി കാണാനാകില്ല. അര്‍ജന്റീനയ്ക്കെതിരായ എല്ലാ മത്സരങ്ങളും കടുപ്പമേറിയതാണ്. എന്നാല്‍ ഞങ്ങളുടെ കളിശൈലി പുറത്തെടുക്കാനും ദേശീയ ടീമെന്ന നിലയില്‍ കൂടുതല്‍ വളരാനും ഞങ്ങള്‍ ശ്രമിക്കും,’ ഉറുഗ്വേ താരം അറൗജോ റൊണാള്‍ഡ് പറഞ്ഞു.
ലയണൽ മെസി. Photo: Sudanalytics/x.com
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചിട്ട് ഒരു മാസം തികയുകയാണ്. ഒക്ടോബര്‍ ആറിന് ബെനിനെതിരെ നടന്ന സൗഹൃദമത്സരത്തോടെയാണ് 21 വര്‍ഷം നീണ്ട തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്.
മെസി ബൂട്ടഴിച്ച ശേഷമുള്ള തങ്ങളുടെ അടുത്ത മത്സരത്തിന് ആല്‍ബിസെലസ്റ്റ് ഒരുങ്ങുകയാണ്. നവംബര്‍ 14നും 18നും നടക്കുന്ന സൗഹൃദമത്സരങ്ങളില്‍ ഉറുഗ്വായ്, കോസ്റ്റാ റിക്ക ടീമുകളെയാണ് അര്‍ജന്റീന നേരിടുന്നത്.
2022ലെ ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഉള്‍പ്പെടെ രാജ്യത്തിന് സാധ്യമായ എല്ലാ നേട്ടങ്ങളും സമ്മാനിച്ചാണ് മെസി മടങ്ങിയത്. രണ്ട് ലോകകപ്പുകളിലും രണ്ട് കോപ്പ അമേരിക്കകളിലും മികച്ച താരവും മെസി തന്നെയായിരുന്നു. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയതും താരം തന്നെ.
Content Highlight: Ronald Araujo Talking About Lionel Messi And A Argentina Team