| Thursday, 17th September 2026, 11:37 am

അവര്‍ക്കെതിരെ പന്തെറിയാന്‍ ഏറെ ബുദ്ധിമുട്ടി; തുറന്ന് പറഞ്ഞു വെസ്റ്റ് ഇന്‍ഡീസ് താരം

അഞ്ജലി പി.കെ.

താന്‍ പന്തെറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡ്. ഇന്ത്യന്‍ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സഹതാരം ഷായ് ഹോപ്പിനെയുമാണ് ഷെപ്പേര്‍ഡ് തെരഞ്ഞെടുത്ത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

2025ലും 2026ലും തുടര്‍ച്ചയായി ഐ.പി.എല്‍ കിരീടം നേടിയ ആര്‍.സി.ബി ടീമിന്റെ ഭാഗമായിരുന്നു. ഡ്രസ്സിങ് റൂമില്‍ കോഹ്‌ലിയെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ഏറെ വിലപ്പെട്ടതാണെന്ന് ഷെപ്പേര്‍ഡ് പറഞ്ഞു. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെ കളിയോടുള്ള സമീപനവും ചിന്താഗതിയും അടുത്തറിയാന്‍ കഴിയുന്നതായും ഷെപ്പേര്‍ഡ് കൂട്ടിച്ചേര്‍ത്തു.

‘കോഹ്‌ലിയോടൊപ്പം കളിക്കുന്നത് വളരെ നല്ല കാര്യമാണ്. അദ്ദേഹത്തെപ്പോലെ മികച്ച ഒരാള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാന്‍ നമ്മള്‍ക്ക് സാധിക്കും. ഡ്രസ്സിങ് റൂമില്‍ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പങ്കുവെക്കാറുണ്ട്. അദ്ദേഹം ടീമിനൊപ്പമുള്ളപ്പോഴെല്ലാം അത് മികച്ച അനുഭവമാണ്,’ ഷെപ്പേര്‍ഡ് പറഞ്ഞു.വിരാട് കോഹ്‌ലി

കഴിഞ്ഞ രണ്ട് ഐ.പി.എല്‍ സീസണുകളിലും ആര്‍.സി.ബിക്കായി കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2025ല്‍ 15 മത്സരങ്ങളില്‍ നിന്ന് 54.75 ശരാശരിയില്‍ 657 റണ്‍സും 2026 സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 675 റണ്‍സും താരം സ്വന്തമാക്കി. സീസണില്‍ 165 .84 സ്‌ട്രൈക്ക് റേറ്റോടെ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളും കോഹ്‌ലി കൈപിടിയിലാക്കി.

കോഹ്‌ലിക്ക് പിന്നാലെ രോഹിത് ശര്‍മയും താന്‍ നേരിട്ടിട്ടുള്ള ഏറ്റവും കടുപ്പമേറിയ ബാറ്റര്‍മാരുടെ കൂട്ടത്തില്‍ ഷെപ്പേര്‍ഡ് പരാമര്‍ശിച്ചു. കഴിഞ്ഞ ഒരു ദശകത്തില്‍ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ മികച്ച കാഴ്ചവെച്ച ഇന്ത്യന്‍ ബാറ്റമാരില്‍ ഒരാളാണ് രോഹിത്. കൂടാതെ ഐ.പി.എല്ലില്‍ ശ്രദ്ധേയമായ റെക്കോഡുകളും മുന്‍ ഇന്ത്യന്‍ നായകന്‍ സ്വന്തമായിട്ടുണ്ട്.വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും

ടെസ്റ്റ്, ടി-20 അന്താരാഷ്ട്ര ക്രിക്കറ്റുകളില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ രോഹിത്തും കോഹ്‌ലിയും ഏകദിനത്തില്‍ ഇന്ത്യയുടെ പ്രധാനപെട്ട താരങ്ങളാണ്. നിലവില്‍ 2027 ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഇരു താരങ്ങളും.

അതേസമയം 2026 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സിനായി കളിക്കുന്ന ഷെപ്പേര്‍ഡ് സീസണില്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെക്കുന്നത്. നാല് ഇന്നിങ്‌സുകളില്‍ നിന്ന് 164.70 സ്‌ട്രൈക്ക് റേറ്റില്‍ 56 റണ്‍സാണ് താരം നേടിയത്. ബൗളിങ്ങില്‍ ഒമ്പത് ഇന്നിങ്സുകളില്‍ നിന്ന് 25.42 ശരാശരിയില്‍ ഏഴ് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

Content Highlight: Romario Shepherd Talking About Rohit Sharma And virat Kohli

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more