ജാന്‍വി കപൂറും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രധാന വേഷത്തിലെത്തുന്ന ‘പരം സുന്ദരി’ എന്ന ചിത്രത്തിനെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടന. ചിത്രത്തിലെ ഒരു ഗാന രംഗം ക്രിസ്ത്യന്‍ പള്ളിയില്‍ വെച്ച് ഷൂട്ട് ചെയ്തതാണ് വിവാദത്തിന് കാരണമായത്. ചിത്രത്തിലെ ഈ രംഗം നീക്കം ചെയ്യണമെന്നാണ് വാച്ച് ഡോഡ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ആവശ്യം.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എ.ഫ്സി), മുംബൈ പൊലീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നിവയ്ക്ക് ഗ്രൂപ്പ് ഇതേക്കുറിച്ച് കത്തെഴുതിയിട്ടുണ്ട്. സിനിമയ്ക്ക് പുറമേ, ട്രെയിലറില്‍ നിന്നും പ്രൊമോഷണല്‍ വീഡിയോകളില്‍ നിന്നും ഈ രംഗം നീക്കം ചെയ്യണമെന്നും ഗ്രൂപ്പ് ആവശ്യപ്പെടുന്നു.
‘ക്രിസ്ത്യാനികളുടെ പവിത്രമായ ആരാധനാലയമാണ് പള്ളി. അത് അസഭ്യമായ ഉള്ളടക്കത്തിനുള്ള വേദിയായി ചിത്രീകരിക്കരുത്’ എന്ന് കത്തില്‍ പറയുന്നു. ഈ ചിത്രീകരണം ആരാധനാലയത്തിന്റെ ആത്മീയ പവിത്രതയെ അനാദരിക്കുക മാത്രമല്ല, കത്തോലിക്കാ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തുകയും ചെയ്യുന്നതാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
ഈ രംഗം സിനിമയില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ പൊതുജന പ്രതിഷേധം ഉണ്ടാകുമെന്നും സംഘം മുന്നറിയിപ്പ് നല്‍കി. കത്തോലിക്കാ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിര്‍മാതാവ്, സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
പരം സുന്ദരി
തുഷാര്‍ ജലോട്ടയുടെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഹിന്ദി ചിത്രമാണ് പരം സുന്ദരി. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ജാന്‍വി കപൂര്‍ എന്നിവര്‍ക്ക് പുറമേ രഞ്ജി പണിക്കര്‍, സഞ്ജയ് കപൂര്‍, സിദ്ധാര്‍ത്ഥ ശങ്കര്‍ തടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുകളും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റിലീസായിരുന്നു. മാഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 29 നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
Content highlight: Romantic scene in church hurts religious sentiments; Christian organization against Param Sundari