| Wednesday, 14th May 2025, 10:28 pm

നിരവധി ശക്തരായ സ്‌ട്രൈക്കര്‍മാരുമായി ഞാന്‍ ഏറ്റുമുട്ടിയിട്ടുണ്ട്, പക്ഷെ അദ്ദേഹം വ്യത്യസ്തനാണ്: മുന്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ റോമന്‍ വീഡന്‍ഫെല്ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്.

934 ഗോളുകളാണ് താരം സ്വന്തമാക്കിയത്. കരിയറില്‍ 1000 ഗോള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലേക്കാണ് റോണോ നോട്ടമിടുന്നത്. 40ാം വയസില്‍ സൗദി പ്രൊ ലീഗില്‍ അല്‍ നസറിനായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

അതേസമയം മെസി 859 ഗോളുകളുമായാണ് ഫുട്‌ബോള്‍ ലോകത്ത് മുന്നേറുന്നത്. നിലവില്‍ എം.എല്‍.എസില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഇപ്പോള്‍ ഇരു താരങ്ങളേയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ റോമന്‍ വീഡന്‍ഫെല്ലര്‍.

മെസിയുള്‍പ്പെടെയുള്ള മികച്ച സ്‌ട്രൈക്കര്‍മാര്‍ക്കൊപ്പം താന്‍ കളിച്ചിട്ടുണ്ടെന്നും എന്നാല്‍ റൊണാള്‍ഡോ ഏറെ വ്യത്യസ്തനാണെന്നും മുന്‍ ഗോള്‍ കീപ്പര്‍ പറഞ്ഞു.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കഠിനാധ്വാനവും ആത്മവിശ്വാസവും കാരണം അദ്ദേഹത്തെ കൃത്യമായി മനസിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. റയല്‍ മാഡ്രിഡിലും പിന്നീട് യുവന്റസിലും ഞാന്‍ അദ്ദേഹത്തിനെതിരെ പലതവണ കളിച്ചു.

മെസി, ഗൊണ്‍സാലോ, ഹിഗ്വെയ്ന്‍ തുടങ്ങിയ നിരവധി ശക്തരായ സ്‌ട്രൈക്കര്‍മാരുമായി ഞാന്‍ ഏറ്റുമുട്ടിയിട്ടുണ്ട്. പക്ഷേ റൊണാള്‍ഡോ അവരില്‍ നിന്ന് വ്യാത്യസ്തനാണ്. ഡ്രസ്സിങ് റൂമില്‍ എപ്പോഴും ആദ്യം വരുന്നതും ജിമ്മിലും പിച്ചിലും കഠിനാധ്വാനം ചെയ്യുന്നതും അവസാനമായി പുറത്തുപോകുന്നതും റൊണാള്‍ഡോയാണ്.

അദ്ദേഹത്തിന്റെ സമര്‍പ്പണമാണ് അദ്ദേഹത്തെ ഇത്രയും കാലം ഉന്നത സ്ഥാനത്ത് നിലനിര്‍ത്തിയത്, ഇപ്പോള്‍ അദ്ദേഹം സൗദി അറേബ്യയില്‍ തന്റെ കരിയര്‍ തുടരുന്നു,’ ദി ഹിന്ദുവിനോട് വീഡന്‍ഫെല്ലര്‍ പറഞ്ഞു.

Content Highlight: Roman Weidenfeller Praises Cristiano Ronaldo

We use cookies to give you the best possible experience. Learn more