ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയെ അടക്കിഭരിച്ച താരമായിരുന്നു റോജ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ നിരവധി ഹിറ്റുകളുടെ ഭാഗമായ റോജ ഇന്ന് രാഷ്ട്രീയത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ആന്ധ്രയിലെ ടൂറിസം വകുപ്പ് മന്ത്രിയാണ് ഇപ്പോള്‍ റോജ. സിനിമാജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം.
സിനിമയിലെത്തുന്നതിന് മുമ്പ് താന്‍ പഴയകാല നടന്‍ കാര്‍ത്തിക്കിന്റെ വലിയ ആരാധികയായിരുന്നെന്ന് റോജ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം ഒരിക്കലും മറക്കില്ലെന്നും നല്ല ഓര്‍മയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനുമൊത്തുള്ള അഭിമുഖത്തിലായിരുന്നു റോജ ഇക്കാര്യം പറഞ്ഞത്.
‘ഉന്നിടത്തില്‍ എന്നൈ കൊടുത്തേന്‍ എന്ന സിനിമ ഞാന്‍ ഒരിക്കലും മറക്കില്ല. ആ പടത്തില്‍ അജിത് ഗസ്റ്റ് റോളിലുണ്ടായിരുന്നു. കാര്‍ത്തിക്കായിരുന്നു ആ പടത്തിലെ ഹീറോ. കുട്ടിക്കാലം മുതലേ ഞാന്‍ കാര്‍ത്തിക്കിന്റെ വലിയ ഫാനായിരുന്നു. തിരുപ്പതിയിലായിരുന്നു എന്റെ കുട്ടിക്കാലം. അവിടെ ഇഷ്ടം പോലെ തമിഴ് സിനിമകള്‍ വരുമായിരുന്നു. കാര്‍ത്തിക്കിന്റെ അഗ്നിനക്ഷത്രം, മൗനരാഗം എല്ലാം തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്.
എന്റെ വലിയ ഫാനാണെന്ന് അജിത് ഷൂട്ടിന്റെ ഇടയില്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. എന്റെ സിനിമകളെല്ലാം കണ്ടിട്ട് വലിയ ഫാനായി എന്നാണ് അജിത് പറയാറുള്ളത്. ഷൂട്ട് ഇല്ലാത്ത സമയത്ത് ഞാനും കാര്‍ത്തിക്കും അജിത്തും ഒരുമിച്ച് ഇരുന്ന് ഈ കാര്യം അങ്ങോട്ടും ഇങ്ങോട്ടും പറയും. കാര്‍ത്തിക് സാര്‍ അന്ന് അധികം സംസാരിക്കാത്ത ടൈപ്പായിരുന്നു. ഞങ്ങള്‍ സംസാരിക്കുന്നത് കേട്ടിട്ട് ചിരിച്ചുകൊണ്ട് ഇരിക്കും’ റോജ പറയുന്നു.
തമിഴ്‌നാട്ടില്‍ ആ വര്‍ഷം 250 ദിവസം പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു അതെന്നും താരം പറഞ്ഞു. കരിയറില്‍ ഒരുപാട് പ്രശംസ നേടിത്തന്ന സിനിമയായിരുന്നു അതെന്നും ഇന്നും തന്റെ ഫേവറെറ്റാണ് അതെന്നും റോജ കൂട്ടിച്ചേര്‍ത്തു. തെലുങ്കിലും കന്നഡയിലേക്കും റീമേക്ക് ചെയ്തപ്പെട്ട സിനിമയാണ് ഉന്നിടത്തില്‍ എന്നൈ കൊടുത്തേനെന്നും താരം പറഞ്ഞു.
‘എന്റെ കൂടെ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് വലിയൊരു സിനിമയുടെ ഇടയില്‍ ഡേറ്റ് തന്ന് അജിത് ആ സിനിമയുടെ ഭാഗമായത്. അയാള്‍ അന്ന് ഉയര്‍ന്നു വരുന്ന താരമായിരുന്നു. ടേക്ക് എടുക്കുന്നതുവരെ അജിത് എന്നോട് സംസാരിക്കുമായിരുന്നു. എന്നാല്‍ സംവിധായകന് അത് ഇഷ്ടമാകില്ലായിരുന്നു,’ റോജ പറഞ്ഞു.
Content Highlight: Roja saying Ajith Kumar was her fan during old days