വരാനിരിക്കുന്ന ചിത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ആസിഫ് അലി നായകനാകുന്ന ടിക്കിടാക്ക. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ്, കള തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ഏറെ വിശേഷതകളുമായാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും അപ്‌ഡേറ്റുകളുമെല്ലാം വലിയ പ്രതീക്ഷയാണ് ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് നല്‍കുന്നത്.
ടിക്കിടാക്ക. Photo: IMDB
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ടിക്കി ടാക്കയില്‍ ഇരുപതിലധികം ആക്ഷന്‍ രംഗങ്ങളുണ്ടെന്ന് സംവിധായകന്‍ രോഹിത് വി.എസ് പറഞ്ഞത് ഇതിനോടകം വൈറലായിരുന്നു. ഇപ്പോഴിതാ ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഫ്രെയ്മുകള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു സംവിധായകന്‍ ഷാജി കൈലാസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള സംവിധായകന്റെ പ്രതികരണം.
‘ഷാജി കൈലാസിന്റെ ചിത്രങ്ങളിലെ വിഷ്വലുകളെ കുറിച്ച് പറയുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം എത്തുന്നത് നരസിംഹം സിനിമയിലെ ഒരു രംഗമാണ്. ചിത്രത്തില്‍ ‘അച്ഛനറിയുമോ ആ സ്ത്രീയെ’ എന്ന് മോഹന്‍ലാല്‍ ചോദിച്ച ശേഷം വരുന്ന തൊട്ടടുത്ത ബ്ലാക്ക് ഫ്രെയിമിലേക്ക് മോഹന്‍ലാല്‍ വരുന്നതാണ് കാണിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ചിത്രത്തിന്റെ ഫ്രെയ്മിങ് മാജിക്കാണ് അവിടെ കണ്ടത്. അതിന്റെ ബാക്ക്ഗ്രൗണ്ടിലെ ചെണ്ട വെച്ചുള്ള മ്യൂസിക് നമ്മളില്‍ ഒരു കിക്ക് ഉണ്ടാക്കുന്നുണ്ട്.
രോഹിത് വി. എസ്. Photo: Screen Grab/ Hollywood reporter India/ Youtube.com
അതിന് ശേഷം ലാല്‍ സാര്‍ ഓടി വന്ന് മുണ്ട് മടക്കി കുത്തുന്ന ഒരു രംഗം ലോങ് ട്രാക്ക് ഷോട്ടായിട്ടാണ് കാണിച്ചിരിക്കുന്നത്. എല്ലാവരും വിചാരിക്കുന്ന പോലെ നമുക്ക് പെട്ടെന്ന് ചെന്ന് ഒരു മാസ് ആക്ഷന്‍ ഫിലിം ഷൂട്ട് ചെയ്യാന്‍ സാധിക്കില്ല. ഒരു മാസ് ആക്ഷന്‍ ഫിലിം ഷൂട്ട് ചെയ്യുന്നതിന് പിന്നിലെ ടെക്‌നിക്ക് എന്ന് ഞാന്‍ കരുതുന്നത് ഫ്രെയിം ബൈ ഫ്രെയിം ഷൂട്ടിങ്ങാണ്. രാജമൗലിയായാലും ഷാജി കൈലാസായാലും ഇത്തരത്തില്‍ ഷൂട്ട് ചെയ്താല്‍ മാത്രമേ ഒരു മാസ് ആക്ഷന്‍ ചിത്രത്തിന് നമ്മളെ പിടിച്ചിരുത്താന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ നരസിംഹവും ആറാം തമ്പുരാനുമെല്ലാം ഒരു വിഷ്വല്‍ ഫിലിമാണ്,’രോഹിത് പറഞ്ഞു.
Content Highlight: Rohith VS talks about importance of framing in action movies siting Narasimham as example