| Friday, 19th April 2019, 6:28 pm

രോഹിത് ശേഖര്‍ തിവാരിയുടെ മരണത്തില്‍ അസ്വാഭികതയുണ്ടെന്ന് പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപാതക കേസ് രജിസ്റ്റര്‍ ചെയതു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ആന്ധ്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണത്തില്‍ അസ്വാഭികതയുണ്ടെന്ന് പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.പി.സി.സെക്ഷന്‍ 302 പ്രകാരം കൊലപാതക കുറ്റം രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ക്രൈബ്രാഞ്ച് സുക്ഷ്മ പരിശോധന നടത്തി.

രോഹിത്തിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നെന്ന് പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു രോഹിത് ശേഖര്‍ തിവാരി മരണം. മരണകാരണമെന്താണെന്ന് അപ്പോള്‍ വ്യക്തമായിരുന്നില്ല. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്.

2008 ല്‍ തിവാരിയുടെ മകനെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.

ആദ്യം പരിശോധനയ്ക്ക് തയ്യാറാവാതിരുന്ന തിവാരി പിന്നീട് ദല്‍ഹി ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളെ തുടര്‍ന്നാണ് പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കിയത്.

എന്നാല്‍ ഡി.എന്‍.എ ഫലം വന്നപ്പോള്‍ പരാതിക്കാരനായ രോഹിത് ശേഖര്‍ മകന്‍ തന്നെയാണെന്നാണ് ഡി.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദല്‍ഹി ഹൈക്കോടതിയാണ് ഡി.എന്‍.എ ഫലം പുറത്തുവിട്ടത്. ഡി.എന്‍.എ ഫലം രഹസ്യമാക്കി വെയ്ക്കണമെന്ന തിവാരിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഡി.എന്‍.എ റിപ്പോര്‍ട്ട് തുറന്നു പരിശോധിക്കുമെന്നായിരുന്നു അപേക്ഷ പരിഗണിച്ച ജസ്റ്റീസ് റേവ ഖേത്രാപാല്‍ വ്യക്തമാക്കിയത്.

ഡി.എന്‍.എ ഫലം രഹസ്യമാക്കി വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഫലം പരസ്യമായി പ്രഖ്യാപിക്കേണ്ടതുണ്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Latest Stories

We use cookies to give you the best possible experience. Learn more