| Sunday, 10th August 2025, 2:01 pm

കടുപ്പിച്ച് ബി.സി.സി.ഐ; രോഹിതും കോഹ്ലിയും ഉടന്‍ വിരമിച്ചേക്കും?

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും കളിക്കളത്തില്‍ ഇറങ്ങുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇരുവരും ഏകദിനത്തില്‍ മാത്രമേ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുകയുള്ളു. മെയ് മാസം ഇരുവരും ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതോടെ, 2027 ഏകദിന ലോകകപ്പ് നേടി കരിയറിന് തിരശീലയിടാനാവും ഇരുവരും ശ്രമിക്കുകയെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍, ഇരുവരും 2027 ല്‍ ഏകദിന ലോകകപ്പില്‍ കളിച്ചേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദൈനിക് ജാഗരണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇരുവര്‍ക്കും സ്ഥാനമില്ലെന്നും ടീമില്‍ ഇടം നേടാന്‍ വിജയ് ഹസാരെയില്‍ കളിക്കണമെന്ന് ബി.സി.സി.ഐ സെക്ഷന്‍ പാനല്‍ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഞങ്ങളുടെ 2027 ഏകദിന ലോകകപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുന്നില്ല,’ ടീം മാനേജ്‌മെന്റിന്റെ ഒരു വൃത്തത്തെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്നതാണ്. ഒക്ടോബര്‍ 19 ന് പെര്‍ത്തിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തുടക്കമാവുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇത് ഇരുവരുടെയും അവസാന പരമ്പരയായേക്കുമെന്നും
റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ രോഹിത്തും കോഹ്ലിയും കളിക്കാന്‍ സാധ്യത കുറവായതിനാല്‍ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിന് ശേഷം ഇരുവരും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

രോഹിത് ശര്‍മയാണ് ഇപ്പോഴും ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍. സെക്ഷന്‍ കമ്മിറ്റി ലോകകപ്പിനായി ഒരു യുവ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ ശ്രദ്ധ കൊടുത്താല്‍ രോഹിത്തിന് ഈ സ്ഥാനം വിട്ടു നല്‍കേണ്ടി വരും.

ഇംഗ്ലണ്ടിനെതിരെയായ ടെസ്റ്റ് പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനവും സുരക്ഷിതമല്ല. ഈ പരമ്പരയ്ക്ക് ശേഷം പല സീനിയര്‍ താരങ്ങളും ഏകദിന ക്യാപ്റ്റന്‍സി ഗില്ലിനെ ഏല്‍പ്പിക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.

പല യുവതാരങ്ങളും മികച്ച പ്രകടനങ്ങള്‍ നടത്തുന്നതിനാല്‍ 2027ലെ ഏകദിന ലോകകപ്പിനായി അവരെ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചേക്കാം. ടീം മാനേജ്മന്റ് യുവതാരങ്ങളെ പിന്തുണക്കാന്‍ തീരുമാനിച്ചാല്‍ കോഹ്ലിക്കും രോഹിത്തിനും ലോക കപ്പ് ടീമില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല.

Content Highlight: Rohit Sharma and Virat Kohli will not play in 2027 ODI world Cup and to retire after Australia Series: Report

We use cookies to give you the best possible experience. Learn more